കൊല്‍ക്കത്ത: സെവാഗിനെ പരിഹസിച്ച് പാക് മുന്‍ താരം റഷീദ് ലത്തീഫ് ഫേസബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോക്ക് മറുപടിയുമായി മുന്‍ ഇന്ത്യന്‍ താരം മനോജ് തിവാരി. സെവാഗിന്റെ പ്രതിച്ഛായ മോശമാക്കാന്‍ ശ്രമിച്ച ലത്തീഫിനെതിരെ പ്രതികരിക്കേണ്ടത് അത്യാവശ്യമായതിനാലാണ് താന്‍ പ്രതികരിക്കുന്നതെന്ന് വ്യക്തമാക്കി തിവാരി വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. സാധാരണയായി ഞാന്‍ വീഡിയോകള്‍ അപ്‌ലോഡ് ചെയ്യാറില്ല. എന്നാല്‍ സെവാഗിനെപ്പോലൊരു ഇതിഹാസ താരത്തെക്കുറിച്ച് ലത്തീഫ് പറഞ്ഞതു കേട്ടപ്പോള്‍ പ്രതികരിക്കണമെന്ന് തോന്നിയതിനാലാണ് ഈ വീഡിയോ പോസ്റ്റ് ചെയ്യുന്നത്.

ലത്തീഫിന് വേണ്ടത് വെറും ഒരു മിനിട്ട് നേരത്തെ പ്രശസ്തിയാണ്. അത് അദ്ദേഹത്തിന് ഇപ്പോള്‍ കിട്ടുന്നില്ല. അതിനാലാണ് സെവാഗിനെതിരെ ഇത്തരമൊരു വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോയില്‍ ലത്തീഫ് ഉപയോഗിച്ചിരിക്കുന്ന ഭാഷ സഹതാരങ്ങളോടുള്ള അദ്ദേഹത്തിന്റെ നിലപാടാണ് വ്യക്തമാക്കുന്നത്. ഇത്തരമൊരു വീഡിയോ പോസ്റ്റ് ചെയ്തതിലൂടെ ലത്തീഫ് വലിയ തെറ്റാണ് ചെയ്തിരിക്കുന്നതെന്ന് ലത്തീഫ് അറിയണമെന്നും തിവാരി വീഡിയോയില്‍ പറയുന്നു.

ഇന്ത്യാ-പാക് മത്സരശേഷം ഇന്ത്യയില്‍നിന്ന് ഉണ്ടായതാണ് പാകിസ്ഥാന്‍ എന്ന സെവാഗിന്റെ പരാമര്‍ശമാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. ചിരവൈരികളായ പാകിസ്ഥാനെ തോല്‍പ്പിച്ച ഉടന്‍ ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച് സെവാഗ് ട്വിറ്ററിലിട്ട കമന്റാണ് ലത്തീഫിനെ ചൊടിപ്പിച്ചത്.പാകിസ്ഥാന്‍ ഇന്ത്യയുടെ മകനാണെന്നും, ബംഗ്ലാദേശ് കൊച്ചുമകനാണെന്നുമുള്ള തരത്തിലായിരുന്നു വീരുവിന്റെ അഭിപ്രായപ്രകടനം. വീരുവിന് മറുപടിയായി 15 മിനിട്ടോളം ദൈര്‍ഘ്യമുള്ള വീഡിയോ ആയിരുന്നു റഷീദ് ലത്തീഫ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. പാകിസ്ഥാനെ തോല്‍പ്പിച്ച ഇന്ത്യ, അടുത്ത കളിയില്‍ ശ്രീലങ്കയോട് തോറ്റതിനെ ലത്തീഫ് വീഡിയോയില്‍ ചോദ്യം ചെയ്തിരുന്നു. അതേസമയം ഇന്ത്യയോട് തോറ്റ പാകിസ്ഥാന്‍ അടുത്ത കളിയില്‍ മുന്‍നിര ടീമായ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചത് ചൂണ്ടികാട്ടുകയും ചെയ്തു. ഈ മല്‍സരത്തിന് ശേഷമാണ് സെവാഗിനുള്ള പ്രത്യേക മറുപടി എന്ന തലക്കെട്ടോടെ ലത്തീഫ് വീഡിയോ പോസ്റ്റ് ചെയ്തത്.

പാകിസ്ഥാനെ അഭിനന്ദിച്ചുകൊണ്ടും ഇന്ത്യയെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടുമാണ് ലത്തീഫ് വീഡിയോ തുടങ്ങുന്നത്. താന്‍ ബഹുമാനിക്കുന്ന നിരവധി ഇന്ത്യന്‍ താരങ്ങളുണ്ട്. അവരുടെ കൂട്ടത്തില്‍ സെവാഗ് ഇല്ല. സെവാഗ് എവിടെനിന്നാണ് വരുന്നത്. ഇന്ത്യയില്‍ സെവാഗിനേക്കാള്‍ കൂടുതല്‍ ബന്ധുക്കള്‍ തനിക്കുണ്ടെന്നും ലത്തീഫ് പറയുന്നു. ഞായറാഴ്‌ച ദക്ഷിണാഫ്രിക്കയെ നേരിടുന്ന ഇന്ത്യ തിങ്കളാഴ്‌ച നാട്ടിലേക്ക് മടങ്ങുമെന്നും ലത്തീഫ് പരിഹസിക്കുന്നു. എന്നാല്‍ ഇതിന് മറുപടിയായി, സെവാഗ് ട്വിറ്ററില്‍ എഴുതിയത്, മൗനം വിദ്വാന് ഭൂഷണം എന്ന് മാത്രമായിരുന്നു.

Scroll to load tweet…

ഇതിനെത്തുടര്‍ന്നാണ് സെവാഗിനുവേണ്ടി മനോജ് തിവാരി മറുപടി പറയാനിറങ്ങിയത്. എന്തായാലും ഇതോടെ സോഷ്യല്‍ മീഡിയയിലും‍ അതിര്‍ത്തിയിലേത് പോലെ ഇന്ത്യ-പാക് യുദ്ധത്തിന്റെ പ്രതീതിയാണിപ്പോള്‍.