ലണ്ടന്‍: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ന്യൂസിലന്‍ഡിനെതിരെ ഓസ്ട്രേലിയക്ക് 292 റണ്‍സ് വിജയലക്ഷ്യം. ഇടയ്ക്ക് പെയ്ത മഴമൂലം 46 ഓവര്‍ വീതമാക്കിക്കുറച്ച മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കീവീസ്, ക്യാപ്റ്റന്‍ കെയ്ന്‍ വില്യാംസണിന്റെ സെഞ്ചുറിക്കരുത്തിലാണ് മികച്ച സ്കോര്‍ കുറിച്ചത്. 40-ാം ഓവറില്‍ വില്യാംസണ്‍ റണ്ണൗട്ടായതോടെ 300 കടക്കുമെന്ന് കരുതിയ കീവിസ് സ്കോര്‍ 45 ഓവറില്‍ 291 റണ്‍സിലൊതുങ്ങി. 45-ാം ഓവറിലെ മൂന്ന് വിക്കറ്റടക്കം ആറ് വിക്കറ്റെടുത്ത ഹേസല്‍വുഡാണ് കീവീസ് ടോട്ടല്‍ 300 കടക്കുന്നത് തടഞ്ഞത്.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത കീവീസിനായി ലൂക്ക് റോങ്കിയും മാര്‍ട്ടിന്‍ ഗപ്ടിലും ചേര്‍ന്ന് നല്ല തുടക്കമാണ് നല്‍കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 40 റണ്‍സടിച്ചു. ഗപ്ടിലിനെ(26) ഹേസല്‍വുഡ് വീഴ്‌ത്തിയശേഷം ക്രീസിലെത്തിയ വില്യാംസണ്‍ റോങ്കിയുമൊത്ത് മികച്ച കൂട്ടുകെട്ടുയര്‍ത്തിയതോടെ കീവീസ് സ്കോര്‍ കുതിച്ചു. 43 പന്തില്‍ 65 റണ്‍സെടുത്ത റോങ്കിയെ ഹേസ്റ്റിംഗ്സ് വീഴ്‌ത്തിയശേഷം ക്രീസിലെത്തിയ ടെയ്‌ലറും വില്യാംസണുമൊത്ത് മികച്ച കൂട്ടുകെട്ടുയര്‍ത്തി. 46 റണ്‍സെടുത്ത ടെയ്‌ലര്‍ പുറത്തായശേഷം കീവീസിന് മികച്ച കൂട്ടുക്കെട്ടുകള്‍ ഉയര്‍ത്താനാവാഞ്ഞത് തിരിച്ചടിയായി.

സെഞ്ചുറി തികച്ചതിന് തൊട്ടുപിന്നാലെ നാല്‍പതാം ഓവറില്‍ വില്യാംസണ്‍(97 പന്തില്‍ 100)റണ്ണൗട്ടായതോടെ കീവീസ് കൂട്ടത്തകര്‍ച്ച നേരിട്ടു. ഹേസല്‍വുഡ് എറിഞ്ഞ 45-ാം ഓവറില്‍ മില്‍നെ(11), സാന്റ്നര്‍(8), ബൗള്‍ട്ട്(0) എന്നിവര്‍ കൂടി വീണതോടെ കീവീസ് 45 ഓവറില്‍ ഓള്‍ ഔട്ടായി. 52 റണ്‍സ് വഴങ്ങിയാണ് ഹേസല്‍വുഡ് ആറ് വിക്കറ്റെടുത്തത്. ഹേസ്റ്റിംഗ്സ് രണ്ട് വിക്കറ്റെടുത്തു.