കാര്‍ഡിഫ്: ചാംപ്യന്‍സ് ട്രോഫിയില്‍ ഗ്രൂപ്പ് എ മല്‍സരത്തില്‍ ന്യൂസിലാന്‍ഡിനെതിരെ വിജയിക്കാന്‍ ബംഗ്ലാദേശിന് 266 റണ്‍സ് വേണം. ടോസ് നേടി ആദ്യം ബാറ്റുചെയ്‌ത ന്യൂസിലാന്‍ഡ് നിശ്ചിത 50 ഓവറില്‍ എട്ടിന് 265 റണ്‍സ് എടുക്കുകയായിരുന്നു. അര്‍ദ്ധസെഞ്ച്വറി നേടിയ റോസ് ടെയ്‌ലര്‍(63), കെയ്ന്‍ വില്യംസണ്‍(57) എന്നിവരാണ് ന്യൂസിലാന്‍ഡ് നിരയില്‍ തിളങ്ങിയത്. ബംഗ്ലാദേശിന് വേണ്ടി മൊസാദെക് ഹൊസെയ്ന്‍ മൂന്നു വിക്കറ്റും ടസ്കിന്‍ അഹമ്മദ് രണ്ടു വിക്കറ്റും സ്വന്തമാക്കി. നാലു ഓവര്‍ എറിഞ്ഞ മൊസാദെക് വെറും റണ്‍സ് വിട്ടുനല്‍കിയാണ് മുന്നു വിക്കറ്റെടുത്തത്. ഒരവസരത്തില്‍ നാലിന് 201 എന്ന നിലയിലായിരുന്ന ന്യൂസിലാന്‍ഡ് മദ്ധ്യനിരയെ മൊസാദെക് ഹൊസെയ്ന്‍ എറിഞ്ഞിടുകയായിരുന്നു. നീല്‍ ബ്രൂം, ജെയിംസ് നീഷാം, കോറി ആന്‍ഡേഴ്സണ്‍ എന്നിവരെ അടുത്തടുത്ത് പുറത്താക്കിയാണ് ന്യൂസിലാന്‍ഡിനെ മൊസാദെക് ഹൊസെയ്ന്‍ പ്രതിരോധത്തിലാക്കിയത്.