ലണ്ടന്‍: ചാമ്പ്യന്‍സ് ട്രോഫിയിലെ നിര്‍ണായക പോരാട്ടത്തില്‍ പാക്കിസ്ഥാനെ നേരിടാനിറങ്ങുന്നതിന് മുമ്പ് ടീം ഇന്ത്യയ്ക്ക് അശ്വാസവാര്‍ത്ത. ക്യാപ്റ്റനും കോച്ചും തമ്മിലുള്ള തര്‍ക്കങ്ങളുടെ വാര്‍ത്തകള്‍ക്കിടെ കോലിയെ ബാറ്റിംഗ് പരിശീലനത്തിന് സഹായിക്കുന്ന കുംബ്ലെയുടെ വീഡിയോ ആണ് ഇന്ന് ടൈംസ് ഓഫ് ഇന്ത്യ ട്വിറ്റര്‍ പേജിലൂടെ പുറത്തുവിട്ടത്.

നെറ്റ്സില്‍ ബാറ്റിംഗ് പരിശീലനത്തിയ കോലിയ്ക്ക് പന്തെറിഞ്ഞ് കൊടുത്തത് കുംബ്ലെയായിരുന്നു. ഇന്നലെ പരിശീലന ഗ്രൗണ്ടിലേക്ക് കുംബ്ലെ എത്തിയപ്പോള്‍ കോലി മടങ്ങിയെന്ന് റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെയാണ് ഇരുവരും ഒരുമിച്ച പരീശീലിക്കുന്നതിന്റെ വീഡിയോയും പുറത്തുവന്നിരിക്കുന്നത്. ഏകേദശം ഇരുപത് മിനിട്ടോളം നേരം കുംബ്ലെ കോലിയ്ക്കൊപ്പം ചെലവഴിച്ചു.

ഇന്‍ഡോര്‍ നെറ്റ്സില്‍ ബാറ്റിംഗ് പരിശീലനത്തിനെത്തിയപ്പോഴാണ് കോലിയ്ക്ക് കുംബ്ലെ സൈഡ് ആം ഉപയോഗിച്ച് പന്തെറിഞ്ഞ് കൊടുത്തത്. തങ്ങള്‍ തമ്മില്‍ പ്രശ്നങ്ങളൊന്നുമില്ലെന്ന രീതിയിലായിരുന്നു ഇരുവരുടെയും പെരുമാറ്റവും ശരീരഭാഷയും.