ലണ്ടന്‍: ചാമ്പ്യന്‍സ് ട്രോഫി ആദ്യ സെമിയില്‍ ടോസ് നേടിയ പാക്കിസ്ഥാന്‍ ഇംഗ്ലണ്ടിനെ ബാറ്റിംഗിനയച്ചു. ശ്രീലങ്കയ്ക്കെതിരെ കളിച്ച ടീമില്‍ രണ്ട് മാറ്റവുമായാണ് പാക്കിസ്ഥാന്‍ ഇറങ്ങുന്നത്. ശ്രീലങ്കയ്ക്കെതിരായ മത്സരത്തില്‍ പാക്കിസ്ഥാന്റെ വിജയത്തില്‍ പന്തുകൊണ്ടും ബാറ്റുകൊണ്ടും നിര്‍ണായക സംഭാവന നല്‍കിയ മുഹമ്മദ് അമീര്‍ പാക്കിസ്ഥാന്‍ നിരയിലില്ല. ശ്രീലങ്കയ്ക്കെതിരായ മത്സരത്തിനിടെയുണ്ടായ പുറംവേദനയെത്തുടര്‍ന്നാണ് അമീറിനെ ഒഴിവാക്കിയത്.

റുമാന്‍ റായീസ് ആണ് അമീറിന്റെ പകരക്കാരനായി ടീമിലെത്തിയത്. ഫഹീം അഷ്റഫിന് പകരം ലെഗ് സ്പിന്നര്‍ ഷദാബ് ഖാനെയും പാക്കിസ്ഥാന്‍ അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്തി. ഇംഗ്ലണ്ട് നിരയില്‍ ഫോം മങ്ങിയ ജേസണ്‍ റോയിക്ക് പകരം ജോണി ബെയര്‍സ്റ്റോ അന്തിമ ഇലവനിലെത്തി. മുമ്പ് മൂന്നുതവണ ചാമ്പ്യന്‍സ് ട്രോഫി സെമി കളിച്ചപ്പോഴും ജയിക്കാന്‍ പാക്കിസ്ഥാനായിട്ടില്ല.