ഓവല്‍: ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റിൽ സെമി തേടി ഇന്ത്യ ഇന്നിറങ്ങുന്നു. ശ്രീലങ്കയാണ് എതിരാളികള്‍. ഓവലില്‍ വൈകീട്ട് മൂന്ന് മണിക്കാണ് മത്സരം. രണ്ടാം ജയം തേടി ഇറങ്ങുന്ന ടീം ഇന്ത്യക്ക് പേടി എതിരാളികളെയല്ല , മഴയെ ആണ് . ഓസ്ട്രേലിയ ബംഗ്ലാദേശ് മത്സരം മഴയിൽ മുക്കിയ ഓവലാണ് വേദി. 

ഈ ആഴ്ചയിലെ ഏറ്റവും കനത്ത മഴ ഇന്ന് പെയ്യുമെന്ന് പ്രവചനം. ഞായറാഴ്ച നേരിടേണ്ടത് ദക്ഷിണാഫ്രിക്കയെ ആയതിനാല്‍ സെമി പ്രവേശം നീട്ടിക്കൊണ്ടുപോകാന്‍ കോലി താത്പര്യപ്പെടില്ല . 

പാളയത്തിലെ പോരിന് അവധി കൊടുത്ത് പാകിസ്ഥാനെ തകര്‍ത്ത തുടക്കം പ്രതീക്ഷ നൽകും. ഓവലില്‍ ദക്ഷിണാഫ്രിക്കയോട് തോറ്റ 
ശ്രീലങ്കയ്ക്ക് കൂനിന്മേൽ കുരുവെന്ന പോലെ ഉപുല്‍ തരംഗയെയും നഷ്ടമായി. പരിക്ക് ഭേദമായി തിരിച്ചെത്തുന്ന നായകന്‍ ആഞ്ചലോ മാത്യൂസിന് ടീമംഗങ്ങളെ പ്രചോദിപ്പിക്കുന്നത് വെല്ലുവിളിയാകും . 

കഴിഞ്‍ ഓഗസ്റ്റിന് ശേഷം ആദ്യമായി ഏകദിനത്തിനിറങ്ങുന്ന മാത്യൂസ് ബാറ്റ്സ്മാനായി മാത്രം കളിക്കാനാണ് സാധ്യത. പാകിസ്ഥാനെ ദക്ഷിണാഫ്രിക്ക തോൽപ്പിച്ചതോടെ ഇന്ന് ജയിച്ചില്ലെങ്കില്‍ ശ്രീലങ്ക പുറത്താകും.