കറാച്ചി: വീരേന്ദര്‍ സെവാഗിനെ പരിഹസിച്ച മുന്‍ പാക് താരം റഷീദ് ലത്തീഫ് മുന്‍ നിലപാടില്‍ നിന്ന് നാടകീയമായി മലക്കം മറിഞ്ഞു. സെവാഗ് മഹാനായ കളിക്കാരനാണെന്ന് പുതിയ വീഡിയോ സന്ദേശത്തില്‍ ലത്തീഫ് പറഞ്ഞു. എന്നാല്‍ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനല്ലെന്നും ലത്തീഫ് പറഞ്ഞു. പാക്കിസ്ഥാനെ പരിഹസിച്ച സെവാഗിനെ ഒരു പാഠം പഠിപ്പിക്കാനാണ് താന്‍ അത്തരത്തിലൊരു വീഡിയോ പോസ്റ്റ് ചെയ്തത്. പാക്കിസ്ഥാനായാലും ബംഗ്ലാദേശായാലും എതിരാളികളെ ബഹുമാനിക്കാന്‍ സെവാഗ് പഠിക്കണമെന്നും അത് മനസിലാക്കിക്കൊടുക്കാനാണ് താന്‍ അത്തരത്തില്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്തതെന്നും ലത്തീഫ് പറഞ്ഞു.

കോലിയാണ് ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനെന്നും ലത്തീഫ് പറയുന്നു. ദക്ഷിണാഫ്രിക്കയെ കീഴടക്കി ചാമ്പ്യന്‍സ് ട്രോഫി സെമിയിലെത്തിയ ഇന്ത്യയ അഭിനന്ദിച്ചുകൊണ്ടാണ് ലത്തീഫ് വീഡിയോ തുടങ്ങുന്നത്. സെമിയില്‍ ബംഗ്ലാദേശിനെ കീഴടക്കി ഫൈനലിലെത്താന്‍ ഇന്ത്യക്ക് കഴിയട്ടേയെന്നും ലത്തീഫ് ആശംസിച്ചു.

ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും മുന്‍ ക്രിക്കറ്റര്‍മാരെയും വീഡിയോയില്‍ ലത്തീഫ് പ്രശംസിക്കുന്നുണ്ട്. ഇന്ത്യക്കും പാക്കിസ്ഥാനും മഹാന്‍മാരായ ഒരുപാട് കളിക്കാരുണ്ടെന്ന് അവരുടെയെല്ലാം പേരെടുത്ത് പറഞ്ഞുകൊണ്ട് ലത്തീഫ് വ്യക്തമാക്കുന്നു. ഇന്ത്യാ-പാക് ക്രിക്കറ്റ് പരമ്പര നടക്കാത്തത് നിര്‍ഭാഗ്യകരമാണെന്നും ലത്തീഫ് വീഡിയോയില്‍ പറയുന്നു.

നേരത്തെ ഇന്ത്യാ-പാക് മത്സരശേഷം ഇന്ത്യയില്‍നിന്ന് ഉണ്ടായതാണ് പാകിസ്ഥാന്‍ എന്ന സെവാഗിന്റെ പരാമര്‍ശമാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. ചിരവൈരികളായ പാകിസ്ഥാനെ തോല്‍പ്പിച്ച ഉടന്‍ ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച് സെവാഗ് ട്വിറ്ററിലിട്ട കമന്റാണ് ലത്തീഫിനെ ചൊടിപ്പിച്ചത്.പാകിസ്ഥാന്‍ ഇന്ത്യയുടെ മകനാണെന്നും, ബംഗ്ലാദേശ് കൊച്ചുമകനാണെന്നുമുള്ള തരത്തിലായിരുന്നു വീരുവിന്റെ അഭിപ്രായപ്രകടനം.

വീരുവിന് മറുപടിയായാണ് 15 മിനിട്ടോളം ദൈര്‍ഘ്യമുള്ള വീഡിയോ റഷീദ് ലത്തീഫ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.താന്‍ ബഹുമാനിക്കുന്ന നിരവധി ഇന്ത്യന്‍ താരങ്ങളുണ്ട്. അവരുടെ കൂട്ടത്തില്‍ സെവാഗ് ഇല്ല. സെവാഗ് എവിടെനിന്നാണ് വരുന്നത്. ഇന്ത്യയില്‍ സെവാഗിനേക്കാള്‍ കൂടുതല്‍ ബന്ധുക്കള്‍ തനിക്കുണ്ടെന്നും ലത്തീഫ് പറയുന്നു. ഞായറാഴ്‌ച ദക്ഷിണാഫ്രിക്കയെ നേരിടുന്ന ഇന്ത്യ തിങ്കളാഴ്‌ച നാട്ടിലേക്ക് മടങ്ങുമെന്നും ലത്തീഫ് പരിഹസിച്ചിരുന്നു. എന്നാല്‍ ഇതിന് മറുപടിയായി, സെവാഗ് ട്വിറ്ററില്‍ എഴുതിയത്, മൗനം വിദ്വാന് ഭൂഷണം എന്ന് മാത്രമായിരുന്നു.