ലണ്ടന്‍: ജോ റൂട്ടും അലക്സ് ഹെയില്‍സും ഓയിന്‍ മോര്‍ഗനും ചേര്‍ന്നപ്പോള്‍ വിജയത്തിലേക്കുള്ള ഇംഗ്ലണ്ടിന്റെ റൂട്ട് ക്ലിയറായി. ചാമ്പ്യന്‍സ് ട്രോഫി ഉദ്ഘാടന മത്സരത്തില്‍ ബംഗ്ലാദേശിനെ എട്ടുവിക്കറ്റിന് തകര്‍ത്ത് ആതിഥേയരായ ഇംഗ്ലണ്ട് ആദ്യജയം സ്വന്തമാക്കി. ബംഗ്ലാദേശ് ഉയര്‍ത്തിയ 306 റണ്‍സിന്റെ വിജയലക്ഷ്യം 16 പന്തും എട്ടു വിക്കറ്റും ബാക്കി നിര്‍ത്തി ഇംഗ്ലണ്ട് അനായാസം മറികടന്നു. സ്കോര്‍ ബംഗ്ലാദേശ് 50 ഓവറില്‍ 305/6, ഇംഗ്ലണ്ട് 47.2 ഓവറില്‍ 308/2.

ജോ റൂട്ടിന്റെ പത്താം ഏകദിന സെഞ്ചുറിയും(133 നോട്ടൗട്ട്) അലക്സ് ഹെയില്‍സ്(95) ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്‍(75 നോട്ടൗട്ട്) എന്നിവരുടെ അര്‍ധസെഞ്ചുറികളുമാണ് ഇംഗ്ലീഷ് ജയം അനായാസമാക്കിയത്. ബാറ്റിംഗിനനകൂലമായ വിക്കറ്റില്‍ ഇംഗ്ലീഷ് ബാറ്റിംഗ് നിരയ്ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ ബംഗ്ലാദേശ് ബൗളര്‍മാര്‍ക്കായില്ല. മൂന്നാം ഓവറില്‍ തന്നെ ഒരു റണ്ണെടുത്ത ജേസണ്‍ റോയിയെ നഷ്ടമായെങ്കിലും പിന്നീട് ബംഗ്ലാദേശിന് ആഘോഷിക്കാനുള്ള അവസരങ്ങളൊന്നും അധികമുണ്ടായില്ല. സെഞ്ചുറിക്ക് അഞ്ച് റണ്‍സകലെ ഹെയില്‍സ് പുറത്തായെങ്കിലും റൂട്ട് 115 പന്തില്‍ തന്റെ പത്താം ഏകദിന സെഞ്ചുറിയിലെത്തി. 61 പന്തില്‍ 75 റണ്‍സുമായി ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്‍ റൂട്ടിന് പറ്റിയ പങ്കാളിയായി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ക്രീസിലിറങ്ങിയ ബംഗ്ലാദേശിനായി ഓപ്പണര്‍ തമീം ഇഖ്ബാല്‍(128) നേടിയ സെഞ്ചുറിയാണ് അവരെ മികച്ച സ്കോറിലേക്ക് നയിച്ചത്. മുഷ്ഫീഖുര്‍ റഹീം(75), സൗമ്യ സര്‍ക്കാര്‍(28), സാബിര്‍ റഹ്മാന്‍(24) എന്നിവരും ബംഗ്ലാദേശിനായി മികച്ച പ്രകടനം പുറത്തെടുത്തു. ഇംഗ്ലണ്ടിനായി ലിയാം പ്ലങ്കറ്റ് നാല് വിക്കറ്റെടുത്തു.