മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാവാനായി അപേക്ഷ ക്ഷണിച്ച ബിസിസിഐക്ക് ലഭിച്ചത് ആറ് അപേക്ഷകള്‍. മുന്‍ ഇന്ത്യന്‍ താരവും ഐപിഎല്ലില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിന്റെ മെന്ററുമായിരുന്ന വീരേന്ദര്‍ സെവാഗും ഇന്ത്യന്‍ പരിശീലകനാവാനായി അപേക്ഷ നല്‍കിയിട്ടുണ്ട്.

നിലവിലെ പരിശീലകനായ അനില്‍ കുംബ്ലെയും അപേക്ഷ നല്‍കിയവരില്‍ ഉള്‍പ്പെടുന്നു. ഇവര്‍ക്കുപുറമെ മുന്‍ ഇന്ത്യന്‍ താരവും എ ടീം പരിശീലകനുമായിരുന്ന ലാല്‍ചന്ദ് രജ്പുത്, ദൊഡ്ഡാ ഗണേഷ്, മുന്‍ ഓസ്ട്രേലിയന്‍ താരവും ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ പരിശീലകനുമായികരുന്ന ടോം മൂഡി, റിച്ചാര്‍ഡ് പൈബസ് എന്നിവരാണ് ഇന്ത്യയുടെ കോച്ചാവാന്‍ അപേക്ഷ നല്‍കിയിട്ടുള്ളത്.

ലാല്‍ചന്ദ് രജ്പുത്തും ടോം മൂഡിയും കഴിഞ്ഞവര്‍ഷവും പരിശീലക സ്ഥാനത്തേക്ക് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ സെവാഗ് കൂടി അപേക്ഷ നല്‍കിയതോടെ ഇന്ത്യന്‍ കോച്ചാവാനുള്ള മത്സരം കടുക്കുമെന്നാണ് സൂചന. പരിശീലകനായി സെവാഗിന് മുന്‍ പരിചയമില്ല. എന്നാല്‍ ബിസിസിഐ പ്രതിനിധകളുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് വീരു പരിശീലക സ്ഥാനത്തേക്ക് അപേക്ഷ നല്‍കിയതെന്നാണ് സൂചന. ക്യാപ്റ്റന്‍ വിരാട് കോലിയും അനില്‍ കുംബ്ലെയും തമ്മിലുള്ള അഭിപ്രായഭിന്നത തുടരുന്ന സാഹചര്യം സെവാഗിന്റെ സാധ്യത കൂട്ടുന്നുണ്ട്.