ലണ്ടന്‍: ചാമ്പ്യന്‍സ് ട്രോഫിയില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ജീവന്‍മരണ പോരാട്ടത്തില്‍ ജയിച്ച് സെമിയിലെത്തുന്നതില്‍ ഇന്ത്യക്ക് കരുത്തായത് ബൗളിംഗിനൊപ്പം ഫീല്‍ഡിംഗ് മികവുകൂടിയായിരുന്നു. ദക്ഷിണാഫ്രിക്കയുടെ മൂന്ന് ബാറ്റ്സ്മാന്‍മാരാണ് ഇന്ത്യന്‍ ഫീല്‍ഡര്‍മാരുടെ മികവിന് മുന്നില്‍ തലകുനിച്ച് മടങ്ങിയത്. ഡിവില്ലിയേഴ്സിന്റെ റണ്ണൗട്ട് ഹര്‍ദ്ദീക് പാണ്ഡ്യ-ധോണി കൂട്ടുക്കെട്ടിന്റെ മികവായിരുന്നുവെങ്കില്‍ ഡേവിഡ് മില്ലറുടെ റണ്ണൗട്ട് ഡൂപ്ലെസിയുടെ മണ്ടത്തരം മൂലം സംഭവിച്ചതായിരുന്നു.

എന്നാല്‍ ഇപ്പോള്‍ ഇതൊന്നുമല്ല ചര്‍ച്ചയാകുന്നത്, വാലറ്റക്കാരനായ ഇമ്രാന്‍ താഹിറിനെ കോലി റണ്ണൗട്ടാക്കിയതാണ് പ്രധാന ചര്‍ച്ചാ വിഷയം. ബൗണ്ടറിയില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന കോലിയുടെ മിസ് ഫീല്‍ഡിനെത്തുടര്‍ന്ന് രണ്ടാം റണ്ണിനായി ഓടിയാണ് താഹിര്‍ റണ്ണൗട്ടായത്.

കോലിയുടെ കൃത്യതയോടെയുള്ള ത്രോയില്‍ ധോണി സ്റ്റമ്പിളക്കുകയാരുന്നു. താഹിറിനെ റണ്ണൗട്ടാക്കിയ കോലിയുടെ മിസ് ഫീല്‍ഡ് മന:പൂര്‍വമാണെന്നാണ് ഇപ്പോള്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ട്. ഇത് കോലിയും ധോണിയും ചേര്‍ന്നൊരുക്കിയ തന്ത്രമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.