ലണ്ടന്‍: ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിലെ നിര്‍ണായക പോരാട്ടത്തില്‍ നല്ലതുടക്കത്തിനുശേഷം ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. ടോസ് നഷ്ടപ്പെട്ട് ക്രീസിലിറങ്ങിയ ദക്ഷിണാഫ്രിക്ക ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 32 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സെടുത്തിട്ടുണ്ട്. 53 റണ്‍സെടുത്ത ക്വിന്റണ്‍ ഡീകോക്ക്, 35 റണ്‍സെടുത്ത ഹാഷിം അംല, 16 റണ്‍സെടുത്ത ക്യാപ്റ്റന്‍ എ ബി ഡിവില്ലിയേഴ്സ്, ഒരു റണ്ണെടുത്ത ഡേവിഡ് മില്ലര്‍ എന്നിവരുടെ വിക്കറ്റുകളാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്.
35 റണ്‍സെടുത്ത ഡൂപ്ലെസിയും നാല് റണ്ണുമായി ഡൂമിനിയുമാണ് ക്രീസില്‍. ഇന്ത്യയുടെ ബൗളിംഗ് ഓപ്പണ്‍ ചെയ്ത ഭുവനേശ്വര്‍ കുമാറും ജസ്പ്രീത് ബൂമ്രയും അംലയെയും ഡീകോക്കിനെയും വരിഞ്ഞുകെട്ടിയപ്പോള്‍ ദക്ഷിണാഫ്രിക്ക പതിഞ്ഞ തുടക്കമാണ് ലഭിച്ചത്. ഓപ്പണിംഗ് വിക്കറ്റില്‍ അംലയും-ഡീകോക്കും ചേര്‍ന്ന് 76 റണ്‍സടിച്ചു. അംലയെ അശ്വിന്‍ വീഴ്‌ത്തിയശേഷം ക്രീസിലെത്തിയ ഡൂപ്ലെസിയും ഡീ കോക്കും ചേര്‍ന്ന് ദക്ഷിണാഫ്രിക്കയെ 100 കടത്തി.
53 റണ്‍സെടുത്ത ഡീ കോക്കിനെ ജഡേജ ക്ലീന്‍ ബൗള്‍ഡാക്കിയതോടെയാണ് രണ്ട് റണ്ണൗട്ടുകളിലൂടെ ഇന്ത്യ ദക്ഷിണാഫ്രിക്കയെ പ്രതിരോധത്തിലാക്കിയത്. രണ്ടിനും കാരണക്കാരനായതാകട്ടെ ഡൂപ്ലെസിയായിരുന്നു. ഇല്ലാത്ത റണ്ണിനോടി ആദ്യം ഡിവില്ലിയേഴ്സിനെയും രണ്ടാമത് ആദ്യം റണ്ണിനായി ഓടിയശേഷം തിരിച്ചോടി മില്ലറെയും ഡൂപ്ലെസി റണ്ണൗട്ടാക്കി. ഇന്ത്യക്കായി അശ്വിനും ജഡേജയും ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.
