ലണ്ടന്‍: ചാമ്പ്യന്‍സ് ട്രോഫിയിലെ മൂന്നാം മത്സരത്തില്‍ ശ്രീലങ്ക ഇന്ന് ദക്ഷിണാഫ്രിക്കയെ നേരിടും. വൈകിട്ട് മൂന്ന് മുതല്‍ ഓവലിലാണ് മത്സരം. ഒറ്റക്ക് മത്സരഗതി മാറ്റമറിക്കാന്‍ ശേഷിയുള്ള താരങ്ങളുണ്ടെങ്കിലും പ്രധാന ടൂര്‍ണമെന്റകളില്‍ കളിമറക്കുന്ന ടീമെന്ന ചീത്തപ്പേര് മാറ്റാനുറച്ചാണ് ദക്ഷിണാഫ്രിക്ക വീണ്ടും പാഡുകെട്ടുന്നത്.

പരുക്കേറ്റ ക്യാപ്റ്റന്‍ ഏഞ്ചലോ മാത്യൂസ് ഇന്ന് കളിച്ചേക്കില്ല. മാത്യൂസിന്റെ അഭാവത്തില്‍ ഉപുല്‍ തരംഗ ആയിരിക്കും ലങ്കയെ നയിക്കുക. പരിചയ സമ്പന്നരുടെ കുറവ് ലങ്കന്‍ നിരയില്‍ പ്രകടമാണ്. ലസിത് മലിംഗ ബൗളിംഗ് നിരയില്‍ തിരിച്ചെത്തിയതാണ് ആശ്വാസം. അവസാനം ഇരുടീമും ഏറ്റുമുട്ടിയ ഒന്‍പത് കളിയില്‍ എട്ടിലും ജയം ദക്ഷിണാഫ്രിക്കയ്‌ക്കായിരുന്നു.

ഐ സി സി ഏകദിന ബാറ്റ്സ്മാന്‍മാരുടെ റാങ്കിംഗില്‍ ആദ്യ പത്തിലെ നാലുപേരും ദക്ഷിണാഫ്രിക്കക്കാരാണ്. ബൗളര്‍മാരില്‍ ആദ്യരണ്ടുപേരും. കടലാസിലെ കരുത്ത് ദക്ഷിണാഫ്രിക്ക കളത്തിലും പുറത്തെടുത്താല്‍ ലങ്ക വെള്ളംകുടിക്കും. ബാറ്റ്സ്മാന്‍മാര്‍ക്ക് മുന്‍തൂക്കംകിട്ടുന്ന വിക്കറ്റാണ് ഓവലിലേത്. ഇവിടെ നടന്ന ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിന്റെ 305 റണ്‍സ് രണ്ട് വിക്കറ്റ് മാത്രം നഷ്‌ടപ്പെടുത്തിയാണ് ഇംഗ്ലണ്ട് മറികടന്നത്.