ഓവല്‍: ഇന്ത്യയോട് ഇംഗ്‌ളണ്ടില്‍ വെച്ച് ശ്രീലങ്ക തീര്‍ത്തത് 38 വര്‍ഷം പഴക്കമുള്ള കണക്ക്. ഇംഗ്ലണ്ടില്‍ ഇന്ത്യന്‍ പുലികളെ ഒരു കളി പരാജയപ്പെടുത്താന്‍ മൂന്നര പതിറ്റാണ്ടുകളാണ് ലങ്കന്‍ സിംഹങ്ങള്‍ക്ക് കാത്തിരിക്കേണ്ടി വന്നത്. ഗ്രൂപ്പ് ബിയില്‍ ഇന്നലെ ഏഴ് വിക്കറ്റിന് ജയിച്ചതോടെ ശ്രീലങ്ക പകരം വീട്ടി.ശ്രീലങ്കയോട് ഇംഗ്‌ളണ്ടിന്റെ മണ്ണില്‍ ഇതിന് മുമ്പ് തോറ്റത് കപില്‍ദേവും സുനില്‍ ഗവാസ്‌ക്കറും ദിലീപ് വെംഗ്‌സര്‍ക്കാരും ഗുണ്ടപ്പാ വിശ്വനാഥും മൊഹീന്ദര്‍ അമര്‍നാഥും ബിഷന്‍സിംഗ് ബേദിയുമൊക്കെ അണിനിരന്ന ഇന്ത്യന്‍ താരനിരയായിരുന്നു. 

1979 ലോകകപ്പില്‍ ദുലീപ് മെന്‍ഡിസിന്‍റെ ടെസ്റ്റ് പദവിയില്ലാത്ത ടീം തോല്‍പ്പിച്ചു. മൂന്ന് സിക്‌സറുകള്‍ ഉള്‍പ്പെടെ 57 പന്തില്‍ മെന്‍ഡിസ് അടിച്ച 64 റണ്‍സിന്റെ ഇന്നിംഗ്‌സായിരുന്നു മത്സരത്തിന്റെ കാതല്‍. ഇത് കഴിഞ്ഞ് രണ്ടു വര്‍ഷത്തിനിടയില്‍ ശ്രീലങ്കയ്ക്ക് ഐസിസി ടെസ്റ്റ് പദവി നല്‍കി ശേഷി അംഗീകരിക്കുകയും ചെയ്തു. അതിന് ശേഷം ഇംഗ്‌ളണ്ടില്‍ ഇരു ടീമും മൂന്ന് ടൂര്‍ണമെന്റുകളിലായി അഞ്ചു തവണ ഏറ്റുമുട്ടിയപ്പോഴും വിജയം ഇന്ത്യയ്ക്കായിരുന്നു. 

വ്യാഴാഴ്ച ഇതെല്ലാം മനസ്സില്‍ വെച്ച് ഏറെ സമ്മര്‍ദ്ദത്തോടെയാണ് ശ്രീലങ്ക കളിക്കാനെത്തിയത്. ടൂര്‍ണമെന്റിന് മുമ്പ് കളിച്ച നാലില്‍ സ്‌കോട്‌ലന്റിനോട് ഉള്‍പ്പെടെ മൂന്നിലും തോല്‍ക്കുകയും ചെയ്തു. ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോട് തോല്‍ക്കുകയും ചെയ്തു. ഈ മത്സരത്തിലെ ബൗളിംഗ് താമസിപ്പിച്ചതിന് രണ്ടു മത്സരങ്ങളില്‍ സസ്‌പെന്‍ഷന്‍ നേരിട്ട നായകന്‍ ഉപുല്‍ തരംഗയും ഇല്ലാതെയായിരുന്നു കളിക്കിറങ്ങിയതും.

ചമരാ കപുഗദരെ മത്സരത്തിന് മുമ്പ് പരിക്കേറ്റത് ഇരുട്ടടിയാകുകയും ചെയ്തു. എന്നിരുന്നാലും പകരക്കാരനായി എത്തിയ ധനുഷ്‌ക്കാ ഗുണതിലകെ കാര്യങ്ങള്‍ മാറ്റിമറിച്ചു. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ കുറിച്ച 322 റണ്‍സ് എന്ന കൂറ്റന്‍ ടോട്ടല്‍ മറികടന്ന് ഓവലില്‍ പിന്തുടര്‍ന്ന് വിജയിക്കുന്ന ഏറ്റവും മികച്ച ടീമാകാന്‍ ലങ്കയ്ക്കായി. 89 റണ്‍സെടുത്ത കുസാല്‍ മെന്‍ഡിസിനൊപ്പം 76 റണ്‍സുമായി ഗുണതിലകെ കുറിച്ച 159 റണ്‍സായിരുന്നു വിജയത്തിന് ആധാരമായത്. 

നായകന്‍ മാത്യൂസ് വരുമ്പോള്‍ 103 പന്തില്‍ 122 റണ്‍സ് വേണമെന്ന ഘട്ടത്തില്‍ ആയിരുന്നു. എന്നിട്ടും വിജയം പിടിച്ചു വാങ്ങാന്‍ അവര്‍ക്കായി. ഈ വര്‍ഷം കാര്യങ്ങള്‍ ഒട്ടും അനുകൂലമല്ലാത്ത രീതിയിലാണ് ലങ്ക കളിക്കാനെത്തിയത്. ഈ വര്‍ഷം ആദ്യം 5-0 ന് ദക്ഷിണാഫ്രിക്കയോട് പരമ്പര തോറ്റു. ബംഗ്‌ളാദേശിനോട് ടെസ്റ്റില്‍ പരാജയപ്പെട്ടു.