ലണ്ടന്‍: ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയെ തോല്‍പിച്ചത് ശ്രീലങ്കന്‍ ടീമിന്‍റെ മധുരപ്രതികാരമാണെന്ന് വിക്കറ്റ് കീപ്പര്‍ നിരോഷന്‍ ഡിക്‌വെല്ല. പരിശീലന മത്സരം പോലെയാണ് തങ്ങളുമായുളള കളിയെ ഇന്ത്യ കണ്ടെതെന്നും ഇത് തങ്ങളെ വേദനിപ്പിച്ചെന്നും ഡിക്‌വെല്ല കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇന്ത്യന്‍ ടീമിന്‍റെ നിലപാട് തങ്ങളെ അലോല്‍സരപ്പെടുത്തിയില്ല എങ്കിലും ഉളളിന്‍റെ ഉള്ളില്‍ ഞങ്ങള്‍ക്ക് വേദനയുണ്ടായിരുന്നു. 

രണ്ട് ടീമുകളും ഒരേ നിലയില്‍ ക്രിക്കറ്റ് കളിക്കുന്നവരാകുമ്പോള്‍ ഒരു ടീം മാത്രം അത് പരിശീലന മത്സരം മാത്രമായി കണക്കാക്കുന്നത് ശരിയല്ലല്ലോ. ഇതോടെ ഞങ്ങള്‍ ഏതുവിധേനയും പ്രതികാരം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് ലങ്കന്‍ കീപ്പര്‍ പറയുന്നു. ടൂര്‍ണ്ണമെന്റില്‍ ശ്രീലങ്കയുടെ നിര്‍ണ്ണായക മത്സരമായിരുന്നു ഇന്ത്യയ്‌ക്കെതിരെ കഴിഞ്ഞ ദിവസം കളിച്ചത്. ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോട് തോറ്റ അവര്‍ക്ക് ഈ മത്സരം തോറ്റാല്‍ ടൂര്‍ണമെന്റില്‍ നിന്നും പുറത്താകുമായിരുന്നു. 

ഇന്ത്യയാകട്ടെ പാകിസ്താനെ തകര്‍ത്തതിന്റെ ആലസ്യത്തിലായിരുന്നു കളത്തിലിറങ്ങിയത്. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 321 റണ്‍സിന് മറുപടിയായി ഏഴ് പന്ത് ബാക്കി നില്‍ക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ശ്രീലങ്ക വിജയതീരത്തെത്തുകയായിരുന്നു.