ലണ്ടന്‍: ചാമ്പ്യന്‍സ് ട്രോഫിയിലെ ഉദ്ഘാടന മത്സരത്തില്‍ ബംഗ്ലാദേസിനെതിരെ ആതിഥേയരായ ഇംഗ്ലണ്ടിന് 306 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ക്രീസിലിറങ്ങിയ ബംഗ്ലാദേശ് തമീം ഇഖ്ബാലിന്റെ സെഞ്ചുറി മികവിലാണ് മികച്ച സ്കോര്‍ കുറിച്ചത്. വിക്കറ്റുകള്‍ കൈവശമുണ്ടായിട്ടും അവസാന അഞ്ചോവറില്‍ 33 റണ്‍സ് മാത്രമെ ബംഗ്ലാദേശിന് നേടാനായുള്ളു.

സൗമ്യ സര്‍ക്കാറും തമീം ഇക്ബാലും ചേര്‍ന്ന് ബംഗ്ലാദേശിന് നല്ലതുടക്കമാണ് നല്‍കിയത്. മെല്ലെത്തുടങ്ങിയ ഇരുവരും ഓപ്പണിംഗ് വിക്കറ്റില്‍ 56 റണ്‍സടിച്ചു. സൗമ്യ സര്‍ക്കാര്‍(28) പുറത്തായശേഷമെത്തിയ ഇമ്രുള്‍ കെയ്‌സിന്(19) നിലയുറപ്പിക്കാനായില്ല. എന്നാല്‍ മൂന്നാം വിക്കറ്റില്‍ മുഷ്ഫീഖുര്‍ റഹീമുമൊത്ത് റെക്കോര്‍ഡ് കൂട്ടുകെട്ടുയര്‍ത്തിയ തമീം ഇഖ്ബാല്‍ ബംഗ്ലാദേശിന് മികച്ച സ്കോര്‍ സമ്മാനിച്ചു. 142 പന്തില്‍ 128 റണ്‍സെടുത്ത തമീം ഇഖ്ബാല്‍ പുറത്താവുമ്പോള്‍ ബംഗ്ലാദേശ് സ്കോര്‍ 261 റണ്‍സിലെത്തിയിരുന്നു. മുഷ്ഫീഖര്‍ റഹീമുമൊത്ത് മൂന്നാം വിക്കറ്റില്‍ 167 റണ്‍സാണ് തമീം ഇഖ്ബാല്‍ അടിച്ചെടുത്തത്.

തമീം പുറത്തായതിന് പിന്നാലെ 72 പന്തില്‍ 79 റണ്‍സെടുത്ത മുഷ്ഫീഖറും പുറത്തായത് അവസാന ഓവറുകളില്‍ ബംഗ്ലാദേശിന്റെ സ്കോറിംഗ് വേഗം കുറച്ചു. 325 റണ്‍സിലെങ്കിലും എത്താമായിരുന്ന ബംഗ്ലാദേശിന് 305 റണ്‍സിലൊതുങ്ങേണ്ടിവന്നു. ഷക്കീബ് അല്‍ ഹസന്‍ 10 റണ്‍സെടുത്ത് പുറത്തായപ്പോള്‍ സാബിര്‍ റഹ്മാന്‍ 15 പന്തില്‍ 24 റണ്‍സെടുത്ത് ബംഗ്ലാദേശിനെ 300 കടത്തി. 10 ഓവറില്‍ 59 റണ്‍സ് വഴങ്ങി നാലു വിക്കറ്റെടുത്ത ലിയാം പ്ലങ്കറ്റാണ് അവസാന ഓവറുകളില്‍ ആഞ്ഞടിക്കാനുള്ള ബംഗ്ലാദേശിന്റെ മോഹങ്ങള്‍ തകര്‍ത്തത്.