മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരീശീലകന്‍ അനില്‍ കുംബ്ലെയും ക്യാപ്റ്റന്‍ വിരാട് കോലിയും തമ്മിലുള്ള അഭിപ്രായഭിന്നത മുന്‍ ഓസീസ് താരം ടോം മൂഡിക്ക് നേട്ടമാവുമോ?. ഇന്ത്യന്‍ പരിശീലകസ്ഥാനത്തേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഇന്നലെ അവസാനിച്ചപ്പോള്‍ ടോം മൂഡി മാത്രമാണ് അപേക്ഷിച്ചവരില്‍ ഏക പ്രമുഖനെന്നാണ് റിപ്പോര്‍ട്ട്. ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ പരിശീലകനായിരുന്നു മൂഡി.

കോലി-കുംബ്ലെ തര്‍ക്കത്തില്‍ സച്ചിന്‍-ഗാംഗുലി-ലക്ഷ്മണ്‍ എന്നിവരടങ്ങിയ വിദഗ്ധ സമിതി കോലിക്കൊപ്പം നില്‍ക്കാന്‍ തീരുമാനിച്ചാല്‍ കുംബ്ലെ സ്വാഭാവികമായും പരിശീലക സ്ഥാനത്തുനിന്ന് പുറത്താവും. അങ്ങനെവന്നാല്‍ അപേക്ഷിച്ചവരിലെ പ്രമുഖനെന്ന നിലയില്‍ ടോം മൂഡിക്ക് നറുക്ക് വീഴാന്‍ സാധ്യതയുണ്ടെന്നാണ് സൂചന. കഴിഞ്ഞ വര്‍ഷം പരിശീലക സ്ഥാനത്തേക്ക് അപേക്ഷ ക്ഷണിച്ചപ്പോള്‍ അപേക്ഷിച്ച പ്രവീണ്‍ ആംറേയും രവി ശാസ്ത്രിയും ഇത്തവണ അപേക്ഷ അയച്ചിരുന്നില്ല.

കോലിക്ക് പ്രിയം രവി ശാസ്ത്രിയോടാണെങ്കിലും വിദഗ്ധ സമിതി അംഗമായ സൗരവ് ഗാംഗുലിയുമായി ശാസ്ത്രിക്ക് നല്ല ബന്ധമല്ല ഉള്ളത്. കഴിഞ്ഞ തവണ തന്നെ ഒഴിവാക്കിയത് ഗാംഗുലിയാണെന്ന് ശാസ്ത്രി ആരോപണമുന്നയിക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചരത്തിലാണ് ഒത്തുതീര്‍പ്പെന്ന നിലയില്‍ ടോം മൂഡിയെ പരിശീലകനാക്കി പ്രശ്നം പരിഹരിക്കാനുള്ള സാധ്യത തെളിയുന്നത്.

എന്നാല്‍ തന്റെ സഹതാരങ്ങളായിരുന്ന സച്ചിനും ഗാംഗുലിയും ലക്ഷ്‌മണും തന്നെ അങ്ങനെ കൈവിടില്ലെന്ന് കുംബ്ലെ ഇപ്പോഴും കരുതുന്നു. കുംബ്ലെയെ നിലനിര്‍ത്താന്‍ വിദഗ്ധ സമിതി തീരുമാനിച്ചാല്‍ ക്യാപ്റ്റന്‍ സ്ഥാനത്ത് കോലി തുടരുമോ എന്നാണ് ആരാധകര്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്.