ഇസ്ലാമാബാദ്: കഴിഞ്ഞ ദിവസം ഒരു പാക് മാധ്യമപ്രവര്‍ത്തക നടത്തിയ ഒരു ട്വീറ്റ് ഇങ്ങനെയായിരുന്നു, കോലിയെ ഞങ്ങള്‍ക്ക് തന്നിട്ട് പാക്കിസ്ഥാന്‍ ടീമിനെ നിങ്ങളെടുത്തോളു എന്ന്. ചാമ്പ്യന്‍സ് ട്രോഫിയില്‍ പാക്കിസ്ഥാന്‍ ഇന്ത്യയോട് തോറ്റപ്പോഴായിരുന്നു മാധ്യമപ്രവര്‍ത്തകയുടെ ട്വീറ്റ്. എന്തായാലും മാധ്യമപ്രവര്‍ത്തകയുടെ ആഗ്രഹം സഫലമായിരിക്കുന്നു. പാക്കിസ്ഥാനും സ്വന്തമായി ഒരു വിരാട് കോലിയെ കിട്ടിയിരിക്കുന്നു.
എന്നാല്‍ പാക്കിസ്ഥാന്റെ ഈ കോലി ക്രിക്കറ്റ് കളിക്കില്ല, പകരം പിസ ഉണ്ടാക്കും. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന ഒരു വീഡിയോ ആണിത്. ഒറ്റ നോട്ടത്തില്‍ ഇത് കോലിയല്ലെന്ന് ആരും പറയില്ല. എന്നാല്‍ പേരറിയാത്ത ഇയാള്‍ക്ക് ക്രിക്കറ്റുമായോ കോലിയുമായോ യാതൊരു ബന്ധവുമില്ല. കോലിയുമായി ഏറെ രൂപസാദൃശ്യമുള്ള അപരന്‍ മാത്രമാണ് ഇയാള്‍. 'Just Pakistani Things' എന്ന ഫേസ്ബുക് പേജിലാണ് ഇയാളെക്കുറിച്ചുള്ള വീഡിയോ ആദ്യം പോസ്റ്റ് ചെയ്തത്.
കോലിയുമായുള്ള ഇയാളുടെ രൂപസാദൃശ്യം ഇന്ത്യന്‍ ആരാധകരെപ്പോലും അമ്പരപ്പിച്ചു. ഇന്ത്യന്‍ ജേഴ്സിക്ക് സമാനാമായ നീല ടീ ഷര്‍ട്ടണിഞ്ഞ് ഇയാള്‍ പിസ റോള്‍ ചെയ്യുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.സംഭവം ഹിറ്റായതോടെ ഫേസ്ബുക്കില്‍ ആയിരക്കണക്കിനാരാധകരാണ് ഈ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.
