ലണ്ടന്‍: വിജയ് മല്യ ഇന്ത്യന്‍ ടീമിനെ വിടാന്‍ ഉദ്ദേശമില്ല. ഇന്ത്യാ-പാക്കിസ്ഥാന്‍ മത്സരം കാണാന്‍ എത്തിയതിന്റെ പുകില്‍ അടങ്ങും മുമ്പ് മറ്റൊരുവാര്‍ത്തകൂടി പുറത്തുവരുന്നു. ക്യാപ്റ്റന്‍ വിരാട് കോലിയ്ക്കും ടീം ഇന്ത്യയ്ക്കും ഒപ്പം വേദി പങ്കിടാനുള്ള മല്യയുടെ ശ്രമത്തില്‍ നിന്ന് ഇന്ത്യന്‍ ടീം തലനാരിഴയ്ക്ക് തടിയൂരിയെന്നാണ് റിപ്പോര്‍ട്ട്. കോലിയുടെ നേതൃത്വത്തിലുള്ള സന്നദ്ദ സംഘടനയായ വിരാട് കോലി ഫൗണ്ടേഷന്‍ ലണ്ടനില്‍ ഫണ്ട് ശേഖരണാര്‍ഥം നടത്തിയ അത്താഴവിരുന്നില്‍ പങ്കെടുക്കാനായി കോലിയും ടീമും എത്തിയപ്പോഴാണ് മല്യയും അവിടെ എത്തിയത്.

Off to @virat.kohli charity dinner with the Zoravar gang !✌️ @rohitsharma45 @ritssajdeh @shikhardofficial

A post shared by Yuvraj Singh (@yuvisofficial) on

എന്നാല്‍ മല്യയില്‍ നിന്ന് അകലം പാലിച്ച കോലിയും ടീം അംഗങ്ങളും അത്താഴവിരുന്നില്‍ നിന്ന് നേരത്തെ പോയതായി ടീം ബിസിസി വൃത്തങ്ങളെ ഉദ്ദരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. മല്യയുടെ സാന്നിധ്യത്തില്‍ ടീം അംഗങ്ങള്‍ അസ്വസ്ഥരായിരുന്നുവെന്നും ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കി. ചടങ്ങിലേക്ക് മല്യയെ ക്ഷണിച്ചിരുന്നില്ല. എന്നാല്‍ അത്താഴവിരുന്നില്‍ ആരെങ്കിലും ടേബിള്‍ ബുക്ക് ചെയ്താല്‍ അനുവദിക്കാതിരിക്കാനാവില്ല.

Scroll to load tweet…

ഇത്തരത്തില്‍ ടേബിള്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് അവര്‍ക്ക് ഇഷ്ടമുള്ള അതിഥികളെ ക്ഷണിക്കാം. അങ്ങനെ ആരെങ്കിലും ആവാം മല്യയെ ചടങ്ങിലേക്ക് ക്ഷണിച്ചതെന്നാണ് റിപ്പോര്‍ട്ട്. എഡ്ജ്ബാസ്റ്റണിലെ ഇന്ത്യ-പാക് മത്സരത്തിനായി സ്റ്റേഡിയത്തിലെത്തിയ മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ മല്യ സുനില്‍ ഗാവസ്കറുമായി കൂടിക്കാഴ്ച നടത്തിയത് വിവാദമായിരുന്നു.വിവിധ ബാങ്കുകളില്‍ നിന്ന് 9,000 കോടി രൂപ വായ്പയെടുത്ത ശേഷം ലണ്ടനിലേക്ക് കടന്ന വിജയ് മല്യയെ അടുത്തയിടെ സ്കോട്‍ലന്‍ഡ് യാര്‍ഡ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും ഉടനെ ജാമ്യത്തിൽ വിടുകയായിരുന്നു.

ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച മല്യ ലണ്ടനിൽ സുഖവാസം നയിക്കുകയാണ്. ക്രിക്കറ്റുമായി അടുത്ത ബന്ധമുള്ള മല്യ ഐപിഎല്ലില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ ഉടമയായിരുന്നു. സ്വത്തുതട്ടിപ്പു കേസുമായി ബന്ധപ്പെട്ടാണു ടീമിന്റെ ഉടമസ്ഥതയില്‍നിന്നു മല്യ പിന്മാറുന്നത്. ബാംഗ്ലൂർ ടീമിന്റെ ക്യാപ്റ്റനാണു കോലി.