ലണ്ടന്‍: ഇന്ത്യ-ദക്ഷിണാഫ്രിക്ക മല്‍സരം കാണാനെത്തിയ വിവാദ വ്യവസായി വിജയ് മല്യയ്‌ക്ക് ഇന്ത്യന്‍ ആരാധകരുടെ കൂക്കുവിളി. ചിലര്‍ മല്യയെ കള്ളനെന്ന് വിളിച്ചാണ് കൂകിയത്. മല്‍സരം നടന്ന ഓവല്‍ സ്റ്റേഡിയത്തിന് പുറത്തുവെച്ചാണ് സംഭവം. കളി കാണാനായി എത്തിയപ്പോഴാണ് ഇന്ത്യന്‍ ആരാധകര്‍ മല്യയുടെ പിന്നീലെ കൂടിയതും കൂകിവിളിച്ചത്. ചിലര്‍ മല്യയുടെ ഫോട്ടോ എടുക്കുകയും ചെയ്തു. എന്നാല്‍ ഇതൊന്നും ശ്രദ്ധിക്കാതെ മല്യ, സ്റ്റേഡിയത്തിന്റെ ഗേറ്റിനുള്ളിലേക്ക് കടക്കുകയായിരുന്നു. മല്യയെ കൂകി വിളിക്കുന്നതിന്റെ വീഡിയോ ചിലര്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ എസ് ബി ഐ ഉള്‍പ്പടെയുള്ള ബാങ്കുകളില്‍നിന്ന് ലക്ഷം കോടികണക്കിന് രൂപ വായ്‌പയെടുത്ത് തിരിച്ചടക്കാതെ മുങ്ങിയ ആളാണ് യുബി ഗ്രൂപ്പ് ചെയര്‍മാന്‍ കൂടിയായ വിജയ് മല്യ. ഇംഗ്ലണ്ടില്‍ നടക്കുന്ന ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ കളി കാണാന്‍ മല്യ സ്ഥിരമായി എത്തുന്നത് നേരത്തെ തന്നെ വാര്‍ത്തയായിരുന്നു.