ലണ്ടന്‍: പാക്കിസ്ഥാനെതിരായ പോരാട്ടത്തില്‍ ഇന്ത്യയുടെ ഫൈനല്‍ പഞ്ച് ഹര്‍ദ്ദീക് പാണ്ഡ്യയുടെ അവസാന ഓവറിലെ തുടര്‍ച്ചയായ മൂന്ന് സിക്സറുകളായിരുന്നു. യുവരാജ് സിംഗ് പുറത്തായപ്പോള്‍ എല്ലാവരും പ്രതീക്ഷിച്ചത് ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിനിഷറായ എംഎസ് ധോണിയെ ആയിരുന്നു. എന്നാല്‍ പാക്കിസ്ഥാന്‍ കളിക്കാരെ പോലും അത്ഭുതപ്പെടുത്തി ക്രീസിലെത്തിയതാകട്ടെ ഹര്‍ദ്ദീക് പാണ്ഡ്യയും. അതിനുള്ള കാരണം മത്സരശേഷം കോലി തന്നെ വെളിപ്പെടുത്തി.
അവിശ്വസനീയമായിരുന്നു പാണ്ഡ്യയുടെ ഇന്നിംഗ്സ്. അവസാന നിമിഷമാണ് ധോണിക്കു മുമ്പെ പാണ്ഡ്യയെ ഇറക്കാന്‍ തീരുമാനിച്ചത്. ധോണിക്ക് മുമ്പെ പാണ്ഡ്യയെ ഇറക്കാനുള്ള തീരുമാനത്തോട് എല്ലാവരും യോജിച്ചു. ആദ്യ പന്ത് മുതല്‍ ആഞ്ഞടിക്കാനുള്ള പാണ്ഡ്യയുടെ കഴിവുതന്നെയായിരുന്നു ധോണിക്കുമമ്പെ പാണ്ഡ്യയെ ഇറക്കാന്‍ കാരണം. അവസാന ഓവറില്‍ പാണ്ഡ്യ അടിച്ച മൂന്ന് സിക്സറുകള്‍ കളിയുടെ ഫലത്തില്‍ വലിയ സ്വാധീനം ചെലുത്തി.
യുവരാജ് പുറത്താവുമ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 285 റണ്‍സെന്ന നിലയിലായിരുന്നു. 10 പന്തുകളാണ് ഇന്ത്യന്‍ ഇന്നിംഗ്സില്‍ അവശേഷിച്ചിരുന്നത്. ടീം ടോട്ടല്‍ 300 കടക്കുമെന്നെ ഇന്ത്യന്‍ ആരാധകകര്‍ പോലും അപ്പോള്‍ കരുതിയുള്ളു. എന്നാല്‍ അവസാന ഓവറില്‍ ആദ്യ മൂന്ന് പന്തില്‍ പാണ്ഡ്യ അടിച്ച മൂന്ന് സിക്സറുകള്‍ ഇന്ത്യയെ 319 റണ്‍സിലെത്തിച്ചു.
