ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് മത്സരം എന്നും ആരാധകര്‍ക്ക് ആവേശമാണ്. അതിന്റെ വീറും വീര്യവും കളിക്കളത്തിനു പുറത്തേയ്‍ക്കും വ്യാപിക്കാറുണ്ട്. ഇപ്പോള്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയും പാക്കിസ്ഥാനും മത്സരിക്കാന്‍ ഒരുങ്ങുമ്പോള്‍ കളിക്കളത്തിനു പുറത്ത് വീരേന്ദര്‍ സെവാഗും ഷുഐബ് അക്തറും തമ്മിലാണ് ഏറ്റുമുട്ടുന്നത്. ഹിന്ദി ടിവി ചാനലായ എബിപി ന്യൂസിലെ പ്രോഗ്രാമിനിടയിലാണ് ഇരുവരും തമ്മില്‍ വാക് പോരില്‍ ഏര്‍പ്പെട്ടത്.

പാക് ക്രിക്കറ്റ് ആരാധകര്‍ ടെലിവിഷനു പകരം റേഡിയെ സെറ്റ് വാങ്ങിവയ്‍ക്കുന്നതാകും നല്ലതെന്നും ഇന്ത്യക്കെതിരെ പരാജയപ്പെടുമ്പോള്‍ ടിവിക്ക് പകരം അത് എറിഞ്ഞുടയ്‍ക്കാമെന്നും സെവാഗ് പറഞ്ഞു. ടി വി തകര്‍ത്താല്‍ കൂടുതല്‍ പണം നഷ്‍ടപ്പെടുമെന്നും സെവാഗ് പറഞ്ഞു. പാക്കിസ്ഥാനില്‍ ഉപയോഗശൂന്യമായ ചൈനീസ് ടി.വി സെറ്റുകളുണ്ടെന്നും അത് എറിഞ്ഞുടച്ചോളമെന്നുമായിരുന്നു ഷുഐബ് അക്തര്‍ പറഞ്ഞത്. ലോകകപ്പില്‍ ഇതുവരെ ഇന്ത്യയെ തോല്‍പ്പിക്കാന്‍ കഴിയാത്ത പാകിസ്ഥാന്റെ അവസ്ഥയെക്കുറിച്ചും സെവാഗ് പറഞ്ഞു. എന്നാല്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യക്കെതിരെ പാക്കിസ്ഥാന് മികച്ച റെക്കോര്‍ഡാണുള്ളതെന്ന് അക്തര്‍ പറഞ്ഞു. ഇപ്പോഴത്തെ ഫോമില്‍ വിരാട് കോലിയുടെ ടീം സര്‍ഫറാസ് അഹമ്മദിനെയും സംഘത്തെയും എളുപ്പത്തില്‍ കീഴടക്കുമെന്നും സെവാഗ് പറഞ്ഞു.
