മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരീശീലക സ്ഥാനത്തേക്കുള്ള വീരേന്ദര്‍ സെവാഗിന്റെ അപേക്ഷ കണ്ട് ബിസിസിഐ ഞെട്ടിയെന്ന് റിപ്പോര്‍ട്ട്. വെറും രണ്ടുവരിയിലാണ് സെവാഗ് ഇന്ത്യന്‍ പരിശീലക സ്ഥാനത്തേക്കുള്ള അപേക്ഷ ബിസിസിഐയ്ക്ക് സമര്‍പ്പിച്ചതെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് 'ഇന്ത്യന്‍ എക്സ്‌പ്രസ്' റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിന്റെ മെന്ററും പരിശീലകനുമാണ് താനെന്നും ഇവരുടെ(ഇന്ത്യന്‍ താരങ്ങളുടെ) കൂടെയൊക്കെ കളിച്ചിട്ടുണ്ടെന്നും മാത്രമാണ് രണ്ടുവരി അപേക്ഷയില്‍ സെവാഗ് വ്യക്തമാക്കിയിട്ടുള്ളത്.

സെവാഗിന്റെ ബയോഡാറ്റ പോലും അപേക്ഷയ്ക്കൊപ്പം സമര്‍പ്പിച്ചിട്ടില്ല. ഇതിനെത്തുടര്‍ന്ന് സെവാഗിനോട് വിശദമായ ബയോഡാറ്റ സമര്‍പ്പിക്കാന്‍ ബിസിസഐ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതാദ്യമായാണ് സെവാഗ് ഒരു അഭിമുഖത്തിന് പങ്കെടുക്കുന്നത്. ചാമ്പ്യന്‍സ് ട്രോഫി കമന്ററി ടീമുമായി ബന്ധപ്പെട്ട് ലണ്ടനിലായിരുന്ന സെവാഗ് സ്റ്റുഡിയോയിലിരുന്ന് ഹിന്ദി കമന്ററി നല്‍കാനായി ഇന്ത്യയിലെത്തിയിട്ടുണ്ട്.

ഇപ്പോള്‍ ലണ്ടനിലുള്ള ഉപദേശക സമിതി അംഗങ്ങളായി സച്ചിനും ഗാംഗുലിയും ലക്ഷ്മണും വീഡിയോ കോണ്‍ഫറന്‍സിലൂടെയാവും കോച്ച് ആവാന്‍ അപേക്ഷിച്ചവരുടെ അഭിമുഖം നടത്തുക എന്നാണ് സൂചന. ഉപദേശക സമിതി അംഗങ്ങളായ സച്ചിനും ഗാംഗുലിയ്ക്കുമൊപ്പം ചേരാനായി തിങ്കളാഴ്ചയാണ് ലക്ഷ്മണ്‍ ലണ്ടനിലേക്ക് പോയത്.

സെവാഗിന് പുറമെ നിലവിലെ പരിശീലകനായ അനില്‍ കുംബ്ലെ, ഓസ്ട്രേലിയന്‍ മുന്‍ താരം ടോം മൂഡി, ഇംഗ്ലീഷ് കോച്ച് റിച്ചാര്‍ഡ് പൈബസ്, മുന്‍ ഇന്ത്യന്‍ താരങ്ങളായ ലാല്‍ചന്ദ് രജ്പുത്, ദോഡ്ഡ ഗണേഷ് എന്നിവരാണ് പരിശീലക സ്ഥാനത്തേക്ക് അപേക്ഷ നല്‍കിയിട്ടുള്ളത്. മുന്‍ ഓസ്ട്രേലിയന്‍ പേസ് ബൗളര്‍ ക്രെയ്ഗ് മക്ഡര്‍മോട്ടും പരിശീലക സ്ഥാനത്തേക്ക് അപേക്ഷ നല്‍കിയിരുന്നെങ്കിലും അവസാന തീയതി കഴിഞ്ഞ് അപേക്ഷിച്ചതിനാവ്‍ ഇത് പരിഗണിക്കില്ലെന്നാണ് സൂചന.