ആന്റിഗ്വ: ലോക ക്രിക്കറ്റ് അടക്കിവാണ വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ടീം ഇനി ആ പേരില്‍ ഇല്ല. രാജ്യാന്തര ക്രിക്കറ്റില്‍ ഇനി വിന്‍ഡീസ് എന്നു മാത്രമായിരിക്കും വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ടീം അറിയപ്പെടുക. ഇതിന് മുന്നോടിയായി ക്രിക്കറ്റ് ബോര്‍ഡിന്റെയും പേര് മാറ്റിയിരുന്നു. വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിന് പകരം ക്രിക്കറ്റ് വെസ്റ്റ് ഇന്‍ഡീസ് എന്നായിരിക്കും ഇനി ക്രിക്കറ്റ് ബോര്‍ഡ് അറിയപ്പെടുക.

21 വര്‍ഷത്തിനിടെ രണ്ടാം തവണയാണ് വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിന്റെ പേര് മാറ്റുന്നത്. മുമ്പ് വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ‍ിന്റെ പേരിനൊപ്പമുണ്ടായിരുന്ന കണ്‍ട്രോള്‍ എന്ന വാക്ക് മാറ്റിയിരുന്നു.

രണ്ട് വര്‍ഷം മുമ്പ് തുടങ്ങിയ പരിഷ്കരണ നടപടികളാണ് കഴിഞ്ഞ ദിവസം പൂര്‍ത്തിയായത്.2018-23 വിഷന്‍ ലക്ഷ്യം വെച്ച് മേഖലയിലെ ക്രിക്കറ്റിന്റെ വളര്‍ച്ചയ്ക്ക് സമഗ്രമായ പദ്ധതിയും വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് ആവിഷ്‌ക്കരിച്ചിട്ടുണ്ട്.

റാങ്കിംഗില്‍ ലോകത്തിലെ മുന്‍നിരയിലുള്ള എട്ടു ടീമുകള്‍ മാത്രം മത്സരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ നിലവില്‍ വിന്‍ഡീസിന് സ്ഥാനമില്ല. ഒരു കാലത്ത് ലോക ക്രിക്കറ്റിലെ രാജാക്കന്‍മാരും ആദ്യ രണ്ട് ലോകകപ്പുകളിലെ ജേതാക്കളുമായ വിന്‍ഡീസ് ക്രിക്കറ്റിന്റെ പരിതാപകരമായ അവസ്ഥയാണിത്.