ലണ്ടന്‍: ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യ, പാകിസ്ഥാന്‍ ഫൈനലുണ്ടാവുമോ. സെമിയില്‍ ഇന്ത്യ-ബംഗ്ലാദേശിനെയും പാകിസ്ഥാന്‍ ഇംഗ്ലണ്ടിനെയുമാണ് നേരിടുന്നത്. ബുധനാഴ്ചയാണ് ഇംഗ്ലണ്ട് പാകിസ്ഥാന്‍ പോരാട്ടം. ഇന്ത്യ ബംഗ്ലദേശ് സെമി വ്യാഴാഴ്ചയും. ഇന്ത്യയും പാകിസ്ഥാനും സെമിയില്‍ ജയിച്ചാല്‍ വീണ്ടുമൊരു ഇന്ത്യ പാകിസ്ഥാന്‍ കിരീടപോരാട്ടത്തിന് അരങ്ങൊരുങ്ങും.
നിലവിലെ ഫോം വെച്ചുനോക്കിയാല്‍ പാക്കിസ്ഥാന്‍ ആതിഥേയരായ ഇംഗ്ലണ്ടിനെ അട്ടിമറിക്കാനുള്ള സാധ്യത വിരളമാണ്. എന്നാല്‍ പ്രവചനാതീത ടീമായ പാക്കിസ്ഥാന്‍ തങ്ങളുടേതായ ദിവസത്തില്‍ ഏത് വമ്പന്‍മാരെയും മുട്ടുകുത്തിക്കുമെന്ന ചരിത്രം മുന്നിലുണ്ട്. സെമിയില്‍ ഇംഗ്ലണ്ടിന് അടിപതറുകയും ബംഗ്ലാ കടുവകളെ ഇന്ത്യ കീഴടക്കുകയും ചെയ്താല്‍ 2007ലെ ട്വന്റി-20 ലോകകപ്പിന് ശേഷം ആദ്യമായി ഇന്ത്യയും പാക്കിസ്ഥാനും ഒരു ഐസിസി ടൂര്‍ണമെന്റിന്റെ ഫൈനലില്‍ മാറ്റുരയ്ക്കും.
2007ലെ ടി20 ലോകകപ്പ് ഫൈനലില്‍ മിസ്ബാ ഉള്‍ ഹഖിന്റെ പോരാട്ടവീര്യത്തെ കീഴടക്കി ധോണിപ്പട കിരീടം നേടിയിരുന്നു. പിന്നീട് 2011ലെ ലോകകപ്പ് സെമിയില്‍ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടിയപ്പോഴും ജയം ഇന്ത്യക്കൊപ്പമായിരുന്നു. 2015 ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തിലായിരുന്നു ഇന്ത്യാ-പാക് ഏറ്റുമുട്ടല്‍. അന്നും ഇന്ത്യ ജയിച്ചുകയറി. ഇത്തവണ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ പാക്കിസ്ഥാനെ ആധികാരികമായി തോല്‍പിച്ചിരുന്നു.
ദക്ഷിണാഫ്രിക്ക-പാക്കിസ്ഥാന്‍ മത്സരത്തിലേതുപോലെ സെമിയിലും മഴ ഒരു പ്രധാന കളിക്കാരനാകാന്‍ സാധ്യതയുണ്ട്. ഇന്ത്യാ-പാക് ഫൈനല്‍ സാധ്യമായില്ലെങ്കില്‍ കഴിഞ്ഞ തവണത്തേതിന്റെ ആവര്‍ത്തനമായി ഇന്ത്യാ-ഇംഗ്ലണ്ട് ഫൈനലിനാണ് ഏറ്റവും കൂടുതല്‍ സാധ്യത. ഗ്രൂപ്രിലെ എല്ലാ മത്സരവും ജയിച്ച് ആധികാരികമായാണ് ഇംഗ്ലണ്ടിന്റെ വരവ്.
എന്നാല്‍ ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനെ കീഴടക്കിയ ഇന്ത്യക്ക് ശ്രീലങ്കയോട് അടിതെറ്റി. അവസാന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ മുട്ടുകുത്തിച്ചാണ്ഇന്ത്യ സെമിയിലെത്തിയത്. എന്നാല്‍ 2007ല്‍ വെസ്റ്റ് ഇന്‍ഡീസില്‍ നടന്ന ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ബംഗ്ലാദേശ് ഇന്ത്യയെ അട്ടിമറിച്ചതിന്റെ ഓര്‍മകള്‍ ഇപ്പോഴും ആരാധകരുടെ മനസില്‍ മായാതെ കിടപ്പുണ്ട്. ന്യൂസിലന്‍ഡിനെ ആധികാരികമായി കീഴടക്കിയ ബംഗ്ലാദേശ് സെമിയില്‍ ഇന്ത്യക്ക് കനത്ത വെല്ലുവിളിയുയര്‍ത്തുമെന്ന് ഉറപ്പ്. എങ്കിലും ദക്ഷിണാഫ്രിക്കയെ കീഴടക്കിയ പ്രകടനം ആവര്‍ത്തിച്ചാല്‍ ഫൈനല്‍ ഇന്ത്യക്ക് കൈയകലത്തിലാണ്. ചാമ്പ്യന്‍സ് ട്രോഫിക്ക് മുന്നോടിയായി നടന്ന സന്നാഹ മത്സരത്തില്‍ ഇന്ത്യ ബംഗ്ലാദേശിനെ തൂത്തുവാരിയിരുന്നു. ഞായറാഴ്ച ഓവലിലാണ് ഫൈനല്‍.
