ലണ്ടന്‍: ചാമ്പ്യന്‍സ് ട്രോഫിയില്‍ ശ്രീലങ്കയ്ക്കെതിരെ കണ്ട ഇന്ത്യയല്ല ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇറങ്ങിയത്. ശ്രീലങ്കയ്ക്കെതിരെ പോരാട്ടവീര്യം നഷ്ടപ്പെട്ടവരെപ്പോലെ തോന്നിച്ച ടീമില്‍ നിര്‍ണായക പോരാട്ടത്തിന് ഇറങ്ങുമ്പോള്‍ ക്യാപ്റ്റന്‍ വിരാട് കോലി എന്ത് മന്ത്രമായിരിക്കും ഉപദേശിച്ചിട്ടുണ്ടാകുക. അക്കാര്യത്തെക്കുറിച്ച് കോലി തന്നെ മത്സരശേഷം മനസുതുറന്നു.

ശ്രീലങ്കയ്ക്കെതിരായ തോല്‍വി ടീമിനെ ശരിക്കും ഉലച്ചുകളഞ്ഞുവെന്ന് കോലി പറഞ്ഞു. അതിനുശേഷം ടീം അംഗങ്ങളുടെ പ്രകടനത്തെക്കുറിച്ചും ഇനിയും മെച്ചപ്പെടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അവരോട് കടുത്ത ഭാഷയില്‍ തന്നെ സംസാരിച്ചു. വേദനിപ്പിക്കുന്നതാണെങ്കിലും ചില സത്യങ്ങള്‍ തുറന്നുപറഞ്ഞേ മതിയാവൂ. അവിടെ മധുരമൂറുന്ന വാക്കുകള്‍ക്ക് പ്രയോഗിച്ചതുകൊണ്ട് കാര്യമില്ല. അക്കാര്യത്തില്‍ നമ്മള്‍ സത്യസന്ധരായിരിക്കണം-കോലി പറഞ്ഞു.

ലങ്കയ്ക്കെതിരെ ഞാനടക്കമുള്ള താരങ്ങള്‍ക്ക് പറ്റിയ തെറ്റുകള്‍ തുറന്നുപറഞ്ഞു.ലങ്കയ്ക്കെതിരായ തോല്‍വി നമ്മുടെ കരണത്തേറ്റ അടിയാണ്. അതില്‍ നിന്ന് മുക്തരായി അഭിമാനം വീണ്ടെടുക്കേണ്ടതിന്റെ ആവശ്യകത ഞാന്‍ ടീം അംഗങ്ങളെ ഓര്‍മിപ്പിച്ചു. അതിനുവേണ്ടിയാണ് രാജ്യത്ത് ക്രിക്കറ്റ് കളിക്കുന്ന ലക്ഷക്കണക്കിന് കളിക്കാരില്‍ നിന്ന് നമ്മള്‍ 15 പേരെ തെരഞ്ഞെടുത്തിരിക്കുന്നത്. രാജ്യാന്തര തലത്തില്‍ കളിക്കുമ്പോള്‍ തിരിച്ചടികളില്‍ നിന്ന് തിരിച്ചുവരാനും കഴിയണം. ഒരേ തെറ്റുകള്‍ വീണ്ടും വീണ്ടും ആവര്‍ത്തിക്കാന്‍ കഴിയില്ല.

ഏതെങ്കിലും രണ്ടോ മൂന്നോ കളിക്കാരോടായിട്ടല്ല ഞാനിത് പറഞ്ഞത്. എല്ലാവരോടുമായിട്ടാണ്. അതിനനുസരിച്ച് എല്ലാവരും പ്രതികരിച്ചു. അതാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരായ ജയത്തില്‍ കണ്ടത്. ടീമായി കളിച്ചില്ലെങ്കില്‍ ജയം സാധ്യമല്ലെന്ന് തുറന്നുപറഞ്ഞു. ഇംഗ്ലീഷ് സാഹചര്യങ്ങളുമായി ടീം അതിവേഗം പൊരുത്തപ്പെട്ടു കഴിഞ്ഞുവെന്നും കോലി പറഞ്ഞു.