ലണ്ടന്‍: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീമില്‍ യുവരാജ് സിംഗിനെയും എംഎസ് ധോണിയെയും ഉള്‍പ്പെടുത്തിയതിനെ വിമര്‍ശിച്ച മുന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീന് യുവിയുടെ ബാറ്റുകൊണ്ടുള്ള ക്ലാസിക് മറുപടി. ഫിനിഷര്‍മാരെന്ന നിലയില്‍ ഇരുവര്‍ക്കും കാര്യമായി തിളങ്ങാനാവില്ലെന്നായിരുന്നു പാക്കിസ്ഥാനെതിരായ പോരാട്ടത്തിന് രണ്ട് ദിവസം മുമ്പ് അസ്ഹറിന്റെ വിമര്‍ശനം. 

യുവരാജിന്റെ ബാറ്റിംഗ് ശൈലി ഇംഗ്ലണ്ടിലെ സാഹചര്യങ്ങള്‍ക്ക് അനുയോജ്യമല്ലെന്നും ഇംഗ്ലണ്ടിനെതിരെ സെഞ്ചുറി നേടിയശേഷമുള്ള യുവിയുടെ പ്രകടനങ്ങള്‍ പ്രതീക്ഷക്ക് വക നല്‍കുന്നില്ലെന്നും അസ്ഹര്‍ പറഞ്ഞിരുന്നു.എന്നാല്‍ അര്‍ധസെഞ്ചുറി നേടി എന്നതിനുപുറമെ കളിയിലെ കേമനായാണ് യുവി അസ്ഹറിന് മറുപടി നല്‍കിയിരിക്കുന്നത്.

29 പന്തില്‍ അര്‍ധസെഞ്ചുറി നേടിയ യുവിയുട ഇന്നിംഗ്സാണ് കളിയുടെ ഗതിമാറ്റിയത്. അതുവരെ മെല്ലെപ്പോക്കിലായിരുന്നു ഇന്ത്യ. അവസാന ഓവറുകളില്‍ യുവിയുടെ വെടിക്കെട്ട് ഇന്നിംഗ്സ് ഇന്ത്യന്‍ സ്കോര്‍ 300 കടക്കുന്നതില്‍ നിര്‍ണായകമായി. അതുവരെ തപ്പിത്തടഞ്ഞ് മുന്നോട്ടുപോയ ക്യാപ്റ്റന്‍ വിരാട് കോലിയും യുവിയുടെ ബാറ്റിംഗില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് അടിച്ചു തകര്‍ത്തു.

കടുത്ത പനിമൂലം കാര്യമായ പരിശീലനം നടത്താതെയാണ് യുവി ആദ്യമത്സരത്തിനിറങ്ങിയത്. ഐപിഎല്ലില്‍ കാര്യമായി തിളങ്ങാനാവാതിരുന്ന യുവിയെ ചാമ്പ്യന്‍സ് ട്രോഫി ടീമിലെടുത്ത സെലക്ടര്‍മാരുടെ നടപടി പലരുടെയും നെറ്റി ചുളിച്ചിരുന്നു. ക്യാപ്റ്റന് വിരാട് കോലിയുടെ നിര്‍ബന്ധത്തിലാണ് യുവി ടീമിലെത്തിയത്. യുവിയുടെ ഇന്നിംഗ്സാണ് കളിയുടെ ഗതിമാറ്റിയതെന്ന് ഇന്നലെ മത്സരശേഷം കോലി പറഞ്ഞിരുന്നു.