ചില നേരം രോഷം വരാറില്ലേ? സങ്കടങ്ങള്‍. പ്രതിഷേധങ്ങള്‍. അമര്‍ഷങ്ങള്‍. മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍, വിഷയങ്ങളില്‍, സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ. കുറിപ്പുകള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ 'എനിക്കും ചിലത് പറയാനുണ്ട്!' എന്നെഴുതാന്‍ മറക്കരുത്. എഴുതുന്ന ആളുടെ പൂര്‍ണമായ പേര് മലയാളത്തില്‍ എഴുതണം. വ്യക്തിഹത്യ, അസഭ്യങ്ങള്‍, അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.

1.
ഇന്നലെ കൂടി ക്‌ളാസില്‍ ഊണു കഴിക്കാന്‍ ഇരുന്നപ്പോള്‍ കേട്ടതാണ്.

എന്നോടാണ്.

''ജനറല്‍ അല്ലേ''?
''അല്ല''.
''അപ്പൊ നായരല്ലേ''?
''അല്ല''.
''പിന്നേതാ''?
''ഓബീസി.''
''അപ്പൊ പിന്നെ പേടിയ്ക്കാനില്ല്യ.... റിസര്‍വേഷന്‍ ഉണ്ടല്ലോ.... ഞങ്ങള്‍ടെ കാര്യാ കഷ്ടം.... ജനറലായിപ്പോയി.''

കോംപറ്റേറ്റിവ് പരീക്ഷകളേയും ജോലി സാധ്യതകളേയും കുറിച്ചാണ് ഇപ്പൊ പറഞ്ഞത്. മുമ്പ് പല തവണ ഇത് കേട്ടിട്ടുണ്ടെങ്കിലും ഇത്തവണത്തേത് കുറച്ചൂടെ ദാര്‍ഷ്ട്യത്തോട് കൂടിയാണോ? എല്ലാവരും പറയുന്നതാണെങ്കില്‍ കൂടി അതിലൊരല്‍പ്പം സവര്‍ണ മുന്‍വിധി മനോഭാവം ഇല്ലേ? ഞങ്ങള്‍ ജനറല്‍ ആണ്...അല്ലെങ്കില്‍ ഞങ്ങള്‍ നായരാണ് എന്ന് പറയപ്പെടുമ്പോഴുള്ള ഒരു തരം 'വര്‍ഗ്ഗബോധം'. കൂടെയുള്ളവന്റെ യോഗ്യതയെ സംശയിക്കുംവണ്ണമുള്ള മുന്‍വിധികള്‍. ഇന്നും ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും. 

(ലഞ്ച് ബ്രേക്ക് കഴിഞ്ഞ ഒരു പരിചയപ്പെടല്‍ സെഷനില്‍ സ്വയം പരിചയപ്പെടുത്തിയ ശേഷം എനിക്ക് അടുത്ത ചോദ്യം നേരിടേണ്ടി വന്നു....'ഹോബീസ്'?

ഒരു മണിക്കൂര്‍ മുന്‍പത്തെ 'ജോലി സാധ്യത, ജാതി അന്വേഷണം' കഴിഞ്ഞ ഹാങ് ഓവറില്‍ ഞാന്‍ നിര്‍ഭാഗ്യവശാല്‍ കേട്ടത് 'ഓബീസി ആണോ' എന്നാണ്.
മനസ്സില്‍.

'ഇതെന്തോന്ന്....ഇവറ്റോള്‍ ഇപ്പൊ ഇന്നോടെന്തിനാ ഇതൊക്കെ ചോദിക്കുന്നെ? ഇങ്ങനൊരു കീഴ് വഴക്കമുണ്ടോ? മുമ്പൊന്നും ഇങ്ങനെ കണ്ടില്ല്യാലോ?'

നിമിഷനേരം കൊണ്ട് ഇതൊക്കെ ആലോചിച്ച ശേഷം ഒന്നൂടെ ഞാന്‍ 'ഏ' ന്നു ചോദിച്ചു. ഭാഗ്യം.അപ്പോള്‍ അങ്ങനെ ചോദിക്കാന്‍ തോന്നിയത്.അടുത്തു നില്‍ക്കുന്ന ടീച്ചര്‍ പറഞ്ഞു തന്നു...'ഹോബീസ് എന്തൊക്കെയാണ് എന്നാണ്'

ഹോ....അപ്പോഴുണ്ടായ വികാരം ഏതാണെന്നു ഇന്നേ വരെ തിരിച്ചറിയാനായിട്ടില്ല. അതിനു മുമ്പ്് അങ്ങാനൊന്ന് ഉണ്ടായിട്ടെ ഇല്ല.)

2
പതിവ് പോലെ വാട്സ് ആപ്പ് സ്റ്റാറ്റസുകള്‍ നോക്കുകയാണ്. അപ്പോഴാണ് ആശ്ചര്യപ്പെടുത്തിക്കൊണ്ട് ഒരു പഴയസുഹൃത്തിന്റെ എന്‍ഗേജ്‌മെന്റ് ഫോട്ടോ കാണാന്‍ ഇടയായത്. പയ്യനാണ് എന്റെ പരിചയക്കാരന്‍. പക്ഷെ പെണ്‍കുട്ടിയുടെ സുഹൃത്ത് എന്റെ കൂടി സുഹൃത്തായതുകൊണ്ട് കാണാന്‍ ഇടയായതാണ്. റിപ്ലേ എന്ന വണ്ണം രണ്ടു വായ തുറന്ന ഇമോജികള്‍ അയച്ചു. നിമിഷനേരം കൊണ്ട് തന്നെ മറുപടി വന്നു.

'ഇവനെ നിനക്കറിയോ? ഇവന്‍ ഏതാ കാസ്റ്റ് എന്നു അറിയുവോ?'

ചോദ്യം കേട്ട് മുഖത്ത് അതുവരെ ഉണ്ടായിരുന്ന ആകാംക്ഷ മാറി ദേഷ്യവും പുച്ഛവും ദയനീയതയും കൂടിക്കലര്‍ന്ന ഒരു വികാരമായി മാറി.
'ഇല്ല....അറിയില്ല'

ഇതിനൊക്കെ എന്താണ് പേര്? എന്ത് പറഞ്ഞാണ് ഇതിനെയൊക്കെ ന്യായീകരിക്കേണ്ടത്?

3. 

ഡിഗ്രിക്ക് പഠിക്കുമ്പോള്‍ ടീച്ചര്‍ പറഞ്ഞ ഒരു അനുഭവം ഓര്‍ക്കുന്നു.

ബസിലാണ് സംഭവം. ഒരു സോണല്‍ കലോല്‍സവം കണ്ടു മടങ്ങുന്ന രണ്ടു ടീച്ചര്‍മാര്‍.

'ഒപ്പനടെ മണവാട്ടിയെ കാണാന്‍ നല്ല ഭംഗിണ്ടാര്‍ന്നു ല്ലേ'

'ആ...അതേ...കുട്ടി നമ്പൂതിരിയോ നായരോ ആയിരിക്കും...അതൊറപ്പാ..'

'സോ കോള്‍ഡ്' സൗന്ദര്യബോധം പോലും ജാതിയുടെ, മതത്തിന്റെ നിഴലില്‍ ആഖ്യാനിക്കപ്പെടുന്നു. വിദ്യാഭ്യാസത്തിന്റെ മേല്‍ക്കോയ്മ മുന്തി നില്‍ക്കുമ്പോഴും മനസ്സിന്റെ 'യഥാര്‍ത്ഥ' കണ്ടുപിടുത്തങ്ങള്‍ പുറത്തുവരുന്നു. 

4.
പ്ലസ്ടു കാലം. ഇന്റര്‍വെല്ലിന് ക്ലാസ്സിനു പുറത്തു വരാന്തയില്‍ നിന്ന് ചിലര്‍ ഭാവികാര്യങ്ങളെ കുറിച്ച് ആശങ്കാകുലരാവുകയാണ്. പൊതുവേ ലക്ഷ്യബോധങ്ങളൊന്നും ഇല്ലാതിരുന്ന ഞാനും അതിനിടയില്‍ പെട്ടു. ഒരാള്‍ പറഞ്ഞു.

'വല്ല റിസര്‍വേഷന്‍ കാറ്റഗറിയും ആയി ജനിച്ചാല്‍ മത്യാര്‍ന്നു. ഇതിപ്പോ പഠിച്ചാലും ജോലി കിട്ടും ന്ന് എന്തേലും  ഒറപ്പുണ്ടോ? ഇല്ല്യാലോ...ഈ റിസര്‍വേഷന്‍ ഒക്കെ എടുത്തുകളയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.....'(പ്രാകുന്നു.)

5
ബിഗ്‌സ്‌ക്രീനില്‍ സിനിമകള്‍ കാണാന്‍ പൊതുവെ സാധ്യതകള്‍ കുറഞ്ഞ ഞാന്‍ ഈയിടെയാണ് 'ഉണ്ട' കണ്ടത്. ബിജുവിന്റെ മുഖത്തെ നിസ്സംഗത ഒരിക്കലും മായ്ക്കാന്‍ പറ്റാത്ത ഒന്നാണ്. അയാളുടെ മുഖത്തെ നിസ്സഹായതതയും മ്ലാനതയും അയാളുടെ അനുഭവങ്ങളുടെ പരിണിതഫലമാണ്. 

'നമ്മളെ പോലെയല്ല...നിന്നെപ്പോലെ....ആദിവാസി'

മേലുദ്യോഗസ്ഥന്റെ ആട്ടില്‍ നിന്നും മാറ്റപ്പെട്ടവന്റെ.അല്ലെങ്കില്‍ മാറ്റിനിര്‍ത്തപ്പെട്ടുകൊണ്ടിരിക്കുന്നവന്റെ ദയനീയ ഭാവമാണ് കാണാന്‍ കഴിഞ്ഞത്. സിനിമയിലാണ് എങ്കില്‍ പോലും യാഥാര്‍ത്ഥ്യത്തിന്റെ വെളിച്ചമാണ് ഇതിന്റെ സത്ത. സ്വന്തം നിഴല്‍ പോലെ കൂടെയുള്ള ഒരുവനെ എങ്ങനെയാണ് ഇതുപോലെ.

6
ഇപ്പൊ മനസ്സിലായി. മതം/ജാതി/വര്‍ഗം. കാര്യങ്ങള്‍ തീരുമാനിക്കുന്നത് ഇതൊക്കെ തന്നെയാണ്.