ദില്ലി: വിമാനത്താവളങ്ങളിൽ അദാനി എന്റർപ്രൈസസ് അവരു‌ടെ ബ്രാൻഡ് നാമം ഉപയോ​ഗിക്കുന്നതിനെ എതിർത്ത് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ). രണ്ട് മാസം മുൻപ് മാത്രം ഏറ്റെടുത്ത മംഗളൂരു, ലഖ്നൗ, അഹമ്മദാബാദ് എന്നീ മൂന്ന് വിമാനത്താവളങ്ങളിൽ അദാനി എന്റർപ്രൈസസ് അവരുട‌െ ബ്രാൻഡ് നാമം പ്രദർശിപ്പിക്കുന്നതിനെയാണ് എഎഐ എതിർത്തിരിക്കുന്നത്. 

ഇത് പരസ്പരം ഒപ്പുവച്ച കരാറിന്റെ ലംഘനമാണെന്നാണ് എഎഐ ആരോപിക്കുന്നത്. പ്രമുഖ ദേശീയ മാധ്യമമായ ബിസിനസ് സ്റ്റാൻഡേർഡാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്. കമ്പനിയെയോ അതിന്റെ ഓഹരിയുടമകളെയോ തിരിച്ചറിയുന്ന രീതിയിൽ വിമാനത്താവളങ്ങളെ മുദ്രകുത്തരുതെന്ന് കരാർ അനുശാസിക്കുന്നു.

മം​​ഗളുരു എയർപോർട്ട് ചീഫ് എയർപോർട്ട് ഓഫീസർക്ക് എഎഐയിൽ നിന്ന് ഇരു കൂട്ടരും ഒപ്പിട്ട കൺസെഷൻ ഉടമ്പടിയുടെ ലംഘനം ഉണ്ടായതായി വ്യക്തമാക്കിക്കൊണ്ടുളള ആശയവിനിമയം ലഭിച്ചു. കരാർ ലംഘിച്ച്, എല്ലാ ഡിസ്പ്ലേ ബോർഡുകളിലും അദാനി എയർപോർട്ട്സ് എന്ന പേര് പ്രതിഫലിപ്പിക്കുന്നതായാണ് എഎഐ ചൂണ്ടിക്കാണിക്കുന്നത്.

ലഖ്നൗ, അഹമ്മദാബാദ് വിമാനത്താവളങ്ങളുമായി ബന്ധപ്പെട്ട് സമാനമായ ആശയവിനിമയം അദാനി എന്റർപ്രൈസസും എഎഐയുടെ തമ്മിൽ നടന്നതായി ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, കരാറിന്റെ നിബന്ധനകൾ കമ്പനി പാലിച്ചിട്ടുണ്ടെന്നും ആരോപണത്തെ അടിസ്ഥാനരഹിതമെന്നും അദാനി ​ഗ്രൂപ്പ് വക്താവ് പറഞ്ഞതായി ദേശീയ മാധ്യമം റിപ്പേർട്ട് ചെയ്യുന്നു. 

“ഞങ്ങൾ ഉത്തരവാദിത്തമുള്ള ഒരു ബിസിനസ്സ് ഓർഗനൈസേഷനാണ്, ഞങ്ങളുടെ പങ്കാളികളുമായി സിവിൽ വ്യോമയാന നിബന്ധനകൾ പാലിക്കുന്നതിൽ ഞങ്ങൾ അതീവ ജാഗ്രത പാലിക്കുന്നു. ഓൺ-സൈറ്റ് ബ്രാൻഡിംഗിനെക്കുറിച്ച് AAI ചില വ്യക്തത തേടി, ഇതിന് കരാറിന്റെ നിബന്ധനകൾക്ക് അനുസൃതമായി പ്രതികരിക്കുന്നു. കരാറിന്റെ പ്രാഥമിക ആവശ്യകതയായ ഞങ്ങളുടെ ബ്രാൻഡിംഗിൽ മൂന്ന് വിമാനത്താവളങ്ങളുടെയും നിയമപരമായ പേരുകൾ പ്രധാനമായും നിലനിർത്തിയിട്ടുണ്ട്. മൂന്ന് വിമാനത്താവളങ്ങളുടെയും പേരുകൾ മാറ്റാൻ ഞങ്ങൾ ഒരു ശ്രമവും നടത്തിയിട്ടില്ല," അദ്ദേഹം പറഞ്ഞു.