ഇന്ത്യയിലെ രണ്ടാമത്തെ വലിയ ബിയർ നിർമ്മാതാക്കളായ കാൾസ്ബെർഗ് ഇന്ത്യ, ഏകദേശം 6,700 കോടി രൂപയുടെ ഐപിഒയുമായി ഓഹരി വിപണിയിലേക്ക് വരുന്നു. സെബിക്ക് രഹസ്യമായി രേഖകൾ സമർപ്പിച്ച കമ്പനി, 'ഓഫർ ഫോർ സെയിൽ' രീതിയിലാകും ഓഹരികൾ വിറ്റഴിക്കുക. ഈ നീക്കം ഇന്ത്യൻ വിപണിയിൽ വിദേശ മദ്യകമ്പനികളുടെ വർധിച്ചുവരുന്ന താല്പര്യത്തിന് അടിവരയിടുന്നു.

ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ബിയര്‍ നിര്‍മ്മാതാക്കളായ കാള്‍സ്ബര്‍ഗ് ഇന്ത്യൻ ഓഹരി വിപണിയിലേക്ക് ചുവടുവെക്കുന്നു. ഡാനിഷ് ബ്രൂവിങ് ഭീമനായ കാള്‍സ്ബര്‍ഗ് ഗ്രൂപ്പിന്റെ ഇന്ത്യന്‍ ഉപകമ്പനിയായ ഇവര്‍ 700 മില്യണ്‍ ഡോളറിന്റെ (ഏകദേശം 6,700 കോടി രൂപ) ഓഹരി വില്‍പ്പനയ്ക്കാണ് ഒരുങ്ങുന്നത്. ഈ വര്‍ഷം അവസാനത്തോടെ കാള്‍സ്ബര്‍ഗിന്റെ ഐപിഒ വിപണിയില്‍ എത്തിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

രഹസ്യമായി ഐപിഒ രേഖകള്‍

കമ്പനി സെബിക്ക് എപിഒ രേഖകള്‍ സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍, 'കോണ്‍ഫിഡന്‍ഷ്യല്‍ റൂട്ട്' അഥവാ രഹസ്യ ഫയലിങ് വഴിയാണ് രേഖകള്‍ നല്‍കിയിരിക്കുന്നത് എന്ന് കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. അതായത്, ഈ രീതി വഴി ഐപിഒ രേഖകള്‍ ഉടന്‍ തന്നെ പരസ്യപ്പെടുത്താതെ, വില്‍പ്പന തുടങ്ങുന്ന സമയം വരെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കാന്‍ കമ്പനിക്ക് സാധിക്കും. സെബിയുടെ അനുമതിയും വിപണിയിലെ സാഹചര്യങ്ങളും വിലയിരുത്തിയാകും ഐപിഒ തിയതി പ്രഖ്യാപിക്കുക.

ലക്ഷ്യമിടുന്നത് 4 ബില്യണ്‍ ഡോളര്‍ മൂല്യം

പുതിയ ഓഹരികള്‍ പുറത്തിറക്കാതെ, നിലവിലുള്ള ഓഹരികള്‍ വിറ്റഴിക്കുന്ന 'ഓഫര്‍ ഫോര്‍ സെയില്‍' രീതിയിലാകും ഐപിഒ നടക്കുക. ഐപിഒയ്ക്ക് ശേഷം കമ്പനിയുടെ മൂല്യം ഏകദേശം 4 ബില്യണ്‍ ഡോളറായി ഉയര്‍ത്താനാണ് കാള്‍സ്ബര്‍ഗ് ലക്ഷ്യമിടുന്നത്.. ഐപിഒ നടപടികള്‍ക്കായി കൊട്ടക് മഹിന്ദ്ര കാപിറ്റല്‍, ജെപി മോര്‍ഗന്‍ ചേസ്, സിറ്റിഗ്രൂപ്പ് എന്നിവരെ പ്രധാന മാനേജര്‍മാരായി നിയമിച്ചിട്ടുണ്ട്.

വിപണിയിലെ കരുത്ത്

2007-ല്‍ ഇന്ത്യന്‍ വിപണിയില്‍ പ്രവേശിച്ച കാള്‍സ്ബര്‍ഗ് ഇന്ത്യയ്ക്ക് നിലവില്‍ രാജ്യത്തെ ബിയര്‍ വിപണിയുടെ 22 ശതമാനത്തോളം പങ്കാളിത്തമുണ്ട്. സ്വന്തമായി എട്ടും കരാര്‍ അടിസ്ഥാനത്തില്‍ ആറും ഉള്‍പ്പെടെ മൊത്തം 14 ബ്രൂവറികളാണ് കമ്പനിക്കുള്ളത്. 2024 ഓഗസ്റ്റില്‍ മാതൃ കമ്പനിയായ കാള്‍സ്ബര്‍ഗ് ഗ്രൂപ്പ് ഇന്ത്യന്‍ യൂണിറ്റിന്റെ 100 ശതമാനം നിയന്ത്രണവും ഏറ്റെടുത്തിരുന്നു.

മറ്റ് വിദേശ മദ്യകമ്പനികളും ഇന്ത്യയിലേക്ക്

ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ അതിവേഗത്തിലുള്ള വളര്‍ച്ചയും ഉപഭോഗത്തിലുണ്ടായ വര്‍ദ്ധനവും ആഗോള മദ്യകമ്പനികളെ കൂടുതലായി ഇന്ത്യയിലേക്ക് ആകര്‍ഷിക്കുകയാണ്. തങ്ങളുടെ ഇന്ത്യന്‍ ബിസിനസുകളില്‍ നിന്ന് പരമാവധി നേട്ടമുണ്ടാക്കാനുള്ള ശ്രമത്തിലാണ് വിദേശ കമ്പനികള്‍. ഇതിന്റെ ഭാഗമായി, പ്രമുഖ ഫ്രഞ്ച് മദ്യ നിര്‍മ്മാതാക്കളായ പെര്‍നോഡ് റിക്കാര്‍ഡും തങ്ങളുടെ ഇന്ത്യന്‍ ബിസിനസ്സ് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.