ഓഹരി കൈമാറ്റത്തിന് പ്രാഥമിക ധാരണ മാത്രം ആയെന്നാണ് അദാനി ഗ്രൂപ്പ് സെബിക്ക് നൽകിയ കത്തിൽ വിശദമാക്കുന്നത്. 

തിരുവനന്തപുരം: വിഴിഞ്ഞം ഓഹരി കൈ മാറ്റം ചെയ്യാൻ സർക്കാരിന് അപേക്ഷ പുതുക്കി നൽകി അദാനി ഗ്രൂപ്പ്. മുൻകൂട്ടി അറിയിക്കാതെയുള്ള വിദേശ നിക്ഷേപ നീക്കത്തിൽ അദാനി ഗ്രൂപ്പിനോട് മുഖ്യമന്ത്രി അതൃപ്തി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വിശദമായ അപേക്ഷ നൽകിയത്. ലോകത്തിലെ വലിയ ഷിപ്പിംഗ് കമ്പനികളിലൊന്നായ സ്വിറ്റ്സർലൻഡിലെ മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനി (എം.എസ്.സി)യുമായുള്ള ഓഹരി കൈമാറ്റത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് അപേക്ഷ. സർക്കാർ അനുമതിയോടെ മാത്രം അന്തിമ കരാർ എന്നാണ് ഓഹരി കൈമാറ്റം സംബന്ധിയായ വിവാദങ്ങളിൽ അദാനി ഗ്രൂപ്പിന്റെ പ്രതികരണം. ഓഹരി കൈമാറ്റത്തിന് പ്രാഥമിക ധാരണ മാത്രം ആയെന്നാണ് അദാനി ഗ്രൂപ്പ് സെബിക്ക് നൽകിയ കത്തിൽ വിശദമാക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

49 ശതമാനം ഓഹരി പങ്കാളിത്തത്തോടെ മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനി വിഴിഞ്ഞത്ത് നിക്ഷേപം നടത്തുന്നെന്നായിരുന്നു നേരത്തെ പ്രഖ്യാപനമുണ്ടായത്. സംസ്ഥാന സര്‍ക്കാരുമായി ഉണ്ടാക്കിയ കണ്‍സഷന്‍ കരാറിന്റെ അടിസ്ഥാനത്തിലാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാര്‍ത്ഥ്യമായത്. സര്‍ക്കാരിന്റെ അനുമതിയോട് കൂടി മാത്രമെ കണ്‍സഷെനയറുടെ ഓഹരി ഘടനയില്‍ മാറ്റം വരുത്താനാകൂ. കണ്‍സഷന്‍ കരാറിലെ ബാധകമായ വ്യവസ്ഥകളും മറ്റ് നിയന്ത്രണങ്ങളും നിര്‍ദേശങ്ങളും കര്‍ശനമായി പരിശോധിച്ചതിന് ശേഷം ഇക്കാര്യത്തില്‍ തുടര്‍ നിലപാട് സ്വീകരിക്കുമെന്നായിരുന്നു ഓഹരി കൈമാറ്റം സംബന്ധിയായ പ്രഖ്യാപനത്തോട് സര്‍ക്കാര്‍ പ്രതികരണം.

ഓഹരി കൈമാറ്റ വാർത്ത വിവാദമായതിന് പിന്നാലെ വാണിജ്യ പ്രവർത്തനം തുടങ്ങി ഒരു വർഷം കഴിഞ്ഞാൽ 74 ശതമാനം വരെ ഓഹരി വിൽക്കാം എന്നാണ് കരാർ എന്നാണ് അദാനി ഗ്രൂപ്പ് ചൂണ്ടിക്കാട്ടിയത്. വാണിജ്യ പ്രവർത്തനം ആരംഭിച്ചത് 2024 ഡിസംബർ 24 നാണ്. കഴിഞ്ഞ ഡിസംബറോടെ വില്പനക്ക് അവകാശം ആയെന്നായിരുന്നു അദാനി ഗ്രൂപ്പിന്റെ വാദം. എം എസ് സിയുമായുള്ള പങ്കാളിത്തം പ്രധാന ആഗോള വിപണികളിലേക്കുള്ള ഇന്ത്യയുടെ പ്രവേശനം കൂടുതൽ ശക്തിപ്പെടുത്തുമെന്നാണ് അദാനി ഗ്രൂപ്പിൻ്റെ പ്രതീക്ഷ. മുന്ദ്ര, എന്നൂർ തുറമുഖങ്ങളിലും അദാനിയും എം എസ് സിയും തമ്മിൽ സഹകരണമുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം