ഇത്രയും പേരെ ഒരുമിച്ച് വീഡിയോ കോളിലൂടെ പുറത്താക്കിയതില്‍ കടുത്ത വിമര്‍ശനം നേരിട്ടതിനെ തുടര്‍ന്നാണ് നടപടി റദ്ദാക്കി മാപ്പ് പറഞ്ഞ് സിഇഒ രംഗത്തെത്തിയത്. തന്റെ തീരുമാനം വിഡ്ഢിത്തമായിരുന്നെന്ന് അദ്ദേഹം വ്യക്തമാക്കി. 

ദില്ലി: സൂം കോളിലൂടെ (Zoom call) 900 ജീവനക്കാരെ പിരിച്ചുവിട്ട നടപടി വിഡ്ഢിത്തമായിരുന്നെന്നും ക്ഷമ ചോദിക്കുന്നുവെന്നും ബെറ്റര്‍ ഡോട്ട് കോം സിഇഒ വിശാല്‍ ഗാര്‍ഗ് (Better.com CEO Vishal Garg). ഇത്രയും പേരെ ഒരുമിച്ച് വീഡിയോ കോളിലൂടെ പുറത്താക്കിയതില്‍ കടുത്ത വിമര്‍ശനം നേരിട്ടതിനെ തുടര്‍ന്നാണ് നടപടി റദ്ദാക്കി മാപ്പ് പറഞ്ഞ് സിഇഒ രംഗത്തെത്തിയത്. തന്റെ തീരുമാനം വിഡ്ഢിത്തമായിരുന്നെന്ന് അദ്ദേഹം വ്യക്തമാക്കി. മൊത്തം ജീവനക്കാരില്‍ ഒമ്പത് ശതമാനം തൊഴിലാളികളെയാണ് ഒറ്റയടിക്ക് സിഇഒ പുറത്താക്കിയത്. 'ജീവനക്കാരെ പുറത്താക്കിയ രീതി വിഷമകരമായ സാഹചര്യം സൃഷ്ടിച്ചെന്ന് ഞാന്‍ മനസ്സിലാക്കുന്നു. മാര്‍ക്കറ്റ്, സ്റ്റാഫ് പ്രകടനം, ഉല്‍പ്പാദനക്ഷമത എന്നിവയാണ് തീരുമാനത്തിന് പിന്നിലെ കാരണങ്ങളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യ, അമേരിക്ക എന്നിവിടങ്ങളിലുള്ള ജീവനക്കാര്‍ക്കാണ് കൂടുതലായും ജോലി നഷ്ടപ്പെട്ടത്. 

പിരിച്ചുവിടലിന്റെ വീഡിയോ റെക്കോഡ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു. കമ്പനി സിഇഒയായ വിശാല്‍ ഗാര്‍ഗ് ആണ് കമ്പനിയുടെ ഇന്ത്യയിലെയും അമേരിക്കയിലെയും 900 ജീവനക്കാരെ ഓണ്‍ലൈനായി പിരിച്ചുവിട്ടത്. ഈ സൂം കോളില്‍ പങ്കെടുത്ത ഒരു ജീവനക്കാരന്‍ റെക്കോഡ് ചെയ്ത വീഡിയോ ക്ലിപ്പിങ്ങാണ്് ഇപ്പോള്‍ വൈറലാകുന്നത്. ഈ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നിരവധിപ്പേരുടെ ജോലി പോയ സൂ കോള്‍ ഡിസംബര്‍ ഒന്നിനായിരുന്നു നടന്നത് എന്നാണ് ഇത് പങ്കുവച്ച ട്വിറ്റര്‍ ഹാന്റിലുകള്‍ പറയുന്നത്.

തന്റെ തൊഴില്‍ജീവിതത്തില്‍ ഇത് രണ്ടാംതവണയാണ് ഇത്തരമൊരു തീരുമാനം എടുക്കുന്നതെന്നും തനിക്ക് ഇത് ചെയ്യാന്‍ ആഗ്രഹമില്ലെന്നും ഗാര്‍ഗ് പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. നിങ്ങള്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന വാര്‍ത്തയല്ല ഇത്. ഈ കോളില്‍ നിങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍, പിരിച്ചുവിടാന്‍ ഉദ്ദേശിക്കുന്ന സംഘത്തില്‍ നിങ്ങളുമുണ്ട് സിഇഒ പറയുന്നു. നിങ്ങളുടെ ഇവിടുത്തെ ജോലി ഉടന്‍ അവസാനിക്കുകയാണ്- ഗാര്‍ഗ് വീഡിയോയില്‍ വ്യക്തമാക്കി. 

കഴിഞ്ഞതവണ ഇത്തരമൊരു പ്രഖ്യാപനം നടത്തിയപ്പോള്‍ താന്‍ കരഞ്ഞെന്നും ഗാര്‍ഗ് കൂട്ടിച്ചേര്‍ക്കുന്നു. വിപണിയില്‍ വലിയ മാറ്റങ്ങള്‍ വന്നു കഴിഞ്ഞു. ഇതിനാല്‍ തന്നെ ഇപ്പോള്‍ ഉള്ള രീതിയില്‍ പോകാന്‍ കഴിയില്ലെന്ന് പറഞ്ഞാണ് വിശാല്‍ ഗാര്‍ഗ് കോള്‍ ആരംഭിച്ചത് തന്നെ. 


പിരിച്ചുവിട്ടവരില്‍ കമ്പനി വൈവിദ്ധ്യവത്കരണം, ഇക്വിറ്റി, റിക്രൂട്ടിംഗ് വിഭാഗത്തിലെ ജീവനക്കാരാണ് കൂടുതല്‍ എന്നാണ് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പിരിച്ചുവിട്ട ജീവനക്കാര്‍ ഒരു മാസത്തെ മുഴുവന്‍ ആനുകൂല്യങ്ങളും, രണ്ട് മാസത്തെ ആശ്വാസ ബത്തയും നല്‍കും എന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. 2016ലാണ് ബെറ്റര്‍.കോം സ്ഥാപിക്കപ്പെടുന്നത്. ഏതാണ്ട് 720 ദശലക്ഷം ഡോളര്‍ ഇവര്‍ കമ്പനി പബ്ലിക്കാക്കി സമാഹരിച്ചിരുന്നു. ഏതാണ്ട് 1 ബില്ല്യണ്‍ ഡോളര്‍ ലാഭം കമ്പനി ഇപ്പോളും ബാലന്‍സ് ഷീറ്റില്‍ കാണിക്കുന്നുണ്ടെന്നാണ് സിഎന്‍എന്‍ റിപ്പോര്‍ട്ട് പറയുന്നത്.