ബെംഗളൂരു: ഇന്ത്യയിലെ ഏറ്റവും വലിയ ഓൺലൈൻ വിദ്യാഭ്യാസ സ്റ്റാർട്ടപ്പായ ബൈജൂസ് വൻ ഇടപാടിന്. ഒരു ബില്യൺ ഡോളറിന് ആകാശ് എജുക്കേഷണൽ സർവീസസിനെയാണ് വാങ്ങിയത്. ലോകത്തെ തന്നെ ഏറ്റവും വലിയ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപന ഏറ്റെടുക്കലായി ഇത് മാറുമെന്ന കാര്യത്തിൽ ബിസിനസ് ലോകത്തിന് തർക്കമില്ല.

അടുത്ത രണ്ടോ മൂന്നോ മാസത്തിനുള്ളിൽ ഏറ്റെടുക്കൽ പൂർണ്ണമാകും. ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബൈജൂസിന്റെ നിലവിലെ മൂല്യം 12 ബില്യൺ ഡോളറാണ്. ഓൺലൈൻ വിദ്യാഭ്യാസത്തിന് കൊവിഡ് കാലത്ത് പ്രാധാന്യം വർധിച്ചതോടെ ബൈജൂസിന്റെ കുതിപ്പിന് വേഗം കൂടി. 

ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതൽ വിപണി മൂല്യമുള്ള രണ്ടാമത്തെ വലിയ സ്റ്റാർട്ടപ്പാണ് ബൈജൂസ്. എന്നാൽ, പുതിയ ഇടപാടിനെ കുറിച്ച് ഇരു കമ്പനികളുടെ പ്രതിനിധികൾ പ്രതികരിച്ചിട്ടില്ല. ബ്ലാക്സ്റ്റോൺ ഗ്രൂപ്പിന്റെ കൂടി ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ആകാശ് എജുക്കേഷണൽ സർവീസസിന് സൽപേരും ഉപഭോക്താക്കളും വേണ്ടുവോളമുണ്ട്. രണ്ടര ലക്ഷത്തിലേറെ വിദ്യാർത്ഥികളാണ് ഈ സംവിധാനം ഉപയോഗിക്കുന്നത്.