മുംബൈ: കോഗ്നിസൻറ് ടെക്നോളജി സൊല്യൂഷൻസ് കോർപ്പറേഷന്റെ ഇന്ത്യയിലെയും അസോസിയേറ്റ് ലെവൽ വരെയുള്ള ഫിലിപ്പീൻസ് സെന്ററിലെയും ഉദ്യോഗസ്ഥർക്ക് ഏപ്രിലിൽ അധിക ശമ്പളം ലഭിക്കുമെന്ന് ചീഫ് എക്സിക്യൂട്ടീവ് ബ്രയാൻ ഹംഫ്രീസ് ജീവനക്കാർക്ക് നൽകിയ കുറിപ്പിൽ പറഞ്ഞു.

കോവിഡ് -19 മഹാമാരിയുടെ പശ്ചാത്തലത്തിൽ വീട്ടിൽ നിന്ന് ജോലി ചെയ്യുമ്പോൾ ജീവനക്കാരും അവരുടെ കുടുംബങ്ങളും നേരിടുന്ന ബുദ്ധിമുട്ടുകൾ അംഗീകരിക്കുന്നതായും, അതിനാൽ അടിസ്ഥാന ശമ്പളത്തിന്റെ 25% അധിക തുക ശമ്പളത്തോടൊപ്പം നൽകുമെന്നും യുഎസ് ആസ്ഥാനമായ കമ്പനി അറിയിച്ചു.

ഇന്ത്യയിലെ മൂന്നിൽ രണ്ട് ജീവനക്കാർക്കും ഇത് ബാധകമാണ്. “ഇത് നിങ്ങളുടെ ഏപ്രിൽ ശമ്പളത്തോടൊപ്പം ലഭിക്കും, ഞങ്ങൾ ഈ സമീപനം എല്ലാ മാസവും അവലോകനം ചെയ്യും,” ഹംഫ്രീസ് ജീവനക്കാർക്കുളള കുറിപ്പിൽ പറഞ്ഞു.

കോഗ്നിസന്റിന് ഇന്ത്യയിൽ 2 ലക്ഷത്തിലധികം ജീവനക്കാരുണ്ട്, ടാറ്റാ കൺസൾട്ടൻസി സർവീസസിന് (ടിസിഎസ്) തൊട്ടുപിന്നിൽ ഏറ്റവും വലിയ കൺസൾട്ടൻസി കമ്പനിയാണ് കോ​ഗ്നിസന്റ്. 4 ലക്ഷത്തിലധികം ജീവനക്കാരിൽ ഭൂരിഭാഗവും ഇന്ത്യയിലാണ്.