ബെംഗളൂരു: കൊവിഡ് ലോക്ക് ഡൗൺ തുടരുന്നതിനിടെ ഓൺലൈൻ വിൽപ്പനയ്ക്ക് അവസരം ഒരുക്കണമെന്ന ആവശ്യവുമായി വിവിധ മദ്യ നിർമ്മാണ കമ്പനികൾ. യുണൈറ്റഡ് ബ്രുവറീസ്, കാൾസ്ബെർഗ്, അൻഹ്യൂസർ ബുഷ് ഇൻബെവ്, ബിറ91 എന്നിവരാണ് സംയുക്തമായി വിവിധ സംസ്ഥാന സർക്കാരുകൾക്കും കേന്ദ്ര സർക്കാരിനും ഈ അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. ബിയർ ഓൺലൈനായി വിൽക്കാൻ അനുവദിക്കണം എന്നാണ് ആവശ്യം.

ലോകത്ത് ബിയർ കുടിക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന രാജ്യമാണ് ഇന്ത്യ. ഓരോ വർഷവും ശരാശരി 340 ദശലക്ഷം കേസ് ബിയറുകൾ ഇന്ത്യാക്കാർ കുടിക്കുന്നുവെന്നാണ് കണക്ക്. പഞ്ചാബ്, ദില്ലി, കർണ്ണാടകം, ആന്ധ്രപ്രദേശ്, പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര തുടങ്ങിയ സർക്കാരുകൾക്കും കേന്ദ്ര സർക്കാരിനുമാണ് അപേക്ഷ സമർപ്പിച്ചിരിക്കുന്നത്.

കൊവിഡിനെ തുടർന്ന് 25 ശതമാനത്തോളം വിൽപ്പന ഇടിഞ്ഞ സാഹചര്യത്തിലാണ് കമ്പനികളുടെ ഈ നീക്കം. വേനൽക്കാലത്ത് ബിയർ വിൽപ്പന സാധാരണ ഉയരാറുണ്ട്. എന്നാൽ മഹാമാരിയുടെ വരവ് വിൽപ്പന ഇടിച്ചു.

രാജ്യത്തെമ്പാടും വേനൽക്കാലത്താണ് ബിയർ വൻതോതിൽ വിൽക്കപ്പെടുന്നതെന്നാണ് കമ്പനികളുടെ വാദം. 30 ശതമാനം മുതൽ 40 ശതമാനം വരെ ബിയർ വിൽക്കപ്പെടുന്നത് ഈ കാലത്താണെന്ന് കമ്പനികൾ കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ലോക്ക് ഡൗൺ രണ്ട് മാസത്തേക്ക് തുടരുകയാണെങ്കിൽ കച്ചവടം തകരും.