പുതിയ നിയമം നിലവില്‍ വരുന്നതോടെ 20,000 കോടി രൂപയുടെ വാര്‍ഷിക ജിഎസ്ടി വരുമാനവും ഇല്ലാതാകും
ഓണ്‍ലൈന്‍ ഗെയിമിങ് മേഖലയെ നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ടുള്ള പുതിയ നിയമവുമായി ബന്ധപ്പെട്ട് വ്യവസായ മേഖലയില്‍ വന്‍ ആശങ്ക. ബില്‍ പാസായതോടെ രാജ്യത്തെ ഓണ്‍ലൈന്‍ ഗെയിമിങ് വ്യവസായത്തിന് ഇതൊരു മരണമണി ആകുമെന്ന് വ്യവസായ സംഘടനകള്‍ പറയുന്നു. ലക്ഷക്കണക്കിന് കമ്പനികളും 2 ലക്ഷം തൊഴിലവസരങ്ങളും 25,000 കോടി രൂപയുടെ നിക്ഷേപവും അപകടത്തിലാകുമെന്നാണ് വിലയിരുത്തല്‍. ഓള്‍ ഇന്ത്യ ഗെയിമിങ് ഫെഡറേഷന്‍ (എഐജിഎഫ്), ഇ-ഗെയിമിങ് ഫെഡറേഷന്‍ (ഇജിഎഫ്), ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഫാന്റസി സ്‌പോര്‍ട്‌സ് (എഫ്‌ഐഎഫ്എസ്) തുടങ്ങിയ സംഘടനകള്‍ ഇത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തെഴുതി . നിയമം പാസായതോടെ ഇനി ലക്ഷക്കണക്കിന് ഉപയോക്താക്കള്‍ അനധികൃത ഗെയിമിങ് പ്ലാറ്റ്ഫോമുകളിലേക്ക് തിരിയുമെന്നും ഇത് മേഖലയുടെ വളര്‍ച്ചയ്ക്ക് കനത്ത തിരിച്ചടിയാകുമെന്നും എഐജിഎഫ് ചൂണ്ടിക്കാട്ടി. പുതിയ നിയമം നിലവില്‍ വരുന്നതോടെ 20,000 കോടി രൂപയുടെ വാര്‍ഷിക ജിഎസ്ടി വരുമാനവും ഇല്ലാതാകും. വരുമാനമില്ലാതെ കമ്പനികള്‍ക്ക് പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടി വരുകയും ചെയ്യുമെന്ന് ഗെയിമിങ് കമ്പനി മേധാവികള്‍ പറഞ്ഞു.
നിയന്ത്രണം മതി, നിരോധനം വേണ്ട
പൂര്‍ണ്ണമായ നിരോധനത്തിന് പകരം പുരോഗമനപരമായ നിയന്ത്രണങ്ങളാണ് വേണ്ടതെന്ന് വ്യവസായ സംഘടനകള്‍ ആവശ്യപ്പെട്ടു. വ്യാപകമായ നിരോധനം ലക്ഷക്കണക്കിന് ഉപയോക്താക്കളെയും വ്യവസായത്തെയും ദോഷകരമായി ബാധിക്കും. കഴിഞ്ഞ കാലങ്ങളില്‍ നയപരമായ വിഷയങ്ങളില്‍ സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാല്‍, ഇത്തവണ അത്തരത്തിലുള്ള സംഭാഷണങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് ഗെയിമിങ് കമ്പനികള്‍ പരാതിപ്പെട്ടു.
കായിക മേഖലയ്ക്കും ഭീഷണി
ഫാന്റസി ഗെയിമിങ് സ്‌പോണ്‍സര്‍ഷിപ്പുകള്‍ ആഭ്യന്തര കായികരംഗത്തിന് വലിയ പിന്തുണ നല്‍കുന്നുണ്ട്. ടി20 ലീഗുകള്‍ പലതും ഈ സ്‌പോണ്‍സര്‍ഷിപ്പുകളെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. ഈ മേഖല തകര്‍ന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റിനും മറ്റ് കായിക ഇനങ്ങള്‍ക്കും ഇത് വലിയ തിരിച്ചടിയുണ്ടാക്കുമെന്നും വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടി. ഡ്രീം11, ഗെയിംസ്‌ക്രാഫ്റ്റ്, ഗെയിംസ്24x7, എംപിഎല്‍, നസാര ടെക്‌നോളജീസ്, സൂപ്പി, വിന്‍സോ തുടങ്ങിയ പ്രമുഖ കമ്പനികള്‍ അനധികൃത പ്രവര്‍ത്തനങ്ങളിലോ, കള്ളപ്പണം വെളുപ്പിക്കലിലോ ഏര്‍പ്പെടുന്നില്ലെന്ന് വ്യവസായ പ്രതിനിധികള്‍ വ്യക്തമാക്കി. ഇവര്‍ പ്രധാനമായും വിദേശ നിക്ഷേപകരുള്‍പ്പെടെയുള്ളവരുടെ പിന്തുണയോടെയാണ് പ്രവര്‍ത്തിക്കുന്നത്.
മാറ്റ് രാജ്യങ്ങളിലേക്ക് പ്രവര്‍ത്തനം മാറിയേക്കാം
ചില പ്ലാറ്റ്ഫോമുകള്‍ വിദേശ രാജ്യങ്ങളിലേക്ക് പ്രവര്‍ത്തനം മാറ്റാന്‍ സാധ്യതയുണ്ടെന്നാണ് സൂചന. ഇത് നികുതി വരുമാനം കുറയ്ക്കുകയും, കെവൈസി, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവയ്ക്ക് വഴിവയ്ക്കുകയും ചെയ്യും.,

