തിരുവനന്തപുരം: കൊറണ ഭീതിയുടെ പശ്ചാത്തലത്തിൽ സംസ്ഥാന നികുതി വകുപ്പ് ഇറക്കിയ സർക്കുലർ പിൻവലിക്കണമെന്ന് കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷൻ. ഇതോടൊപ്പം 2017 -18 വരെയുള്ള കാലാഹരണപ്പെട്ട വാറ്റ് നിയമത്തിലെ അസസ്മെന്റുകൾ തീർന്നതായി പ്രഖ്യാപിക്കണമെന്നും അവർ ആവശ്യപ്പെട്ടു. 

കൊറോണയെ തുടർന്ന് ജനം പകച്ച് നിൽക്കുമ്പോൾ സംസ്ഥാന നികുതി വകുപ്പ് 2013-14 വർഷത്തെ അസസ്മെന്റുകൾ തീർക്കാൻ തിടുക്കപ്പെട്ടു സർക്കുലർ പുറത്തിറക്കിയത് വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് അസോസിയേഷൻ പറയുന്നത്. 

2013 -14 വർഷത്തേക്ക് ഇതിനകം നോട്ടീസ് നൽകി അസസ്മെന്റുകൾ പൂർത്തിയാക്കാതെ കാലവധി കഴിയാൻ പോകുന്ന കേസുകളിൽ ഉടൻ പ്രീ അസസ്മെന്റ് നോട്ടീസുകൾ ഈ മെയിൽ വഴി നികുതിദായകർക്കു സർവ്വീസ് നടത്താനും, നികുതിദായകർ മെയിൽ വഴി നൽകുന്ന മറുപടി പരിഗണിച്ചു അതിന്റെ അടിസ്ഥാനത്തിൽ വേണ്ടി വന്നാൽ നികുതിദായകനെ ഫോൺ വഴി ബന്ധപ്പെട്ടു നികുതിനിർണയം ചെയ്ത് തീർപ്പുകൽപ്പിച്ച് ഉത്തരവുകൾ ഇറക്കണമെന്നാണ് സംസ്ഥാന ജിഎസ്ടി കമ്മീഷണറുടെ ഉത്തരവിൽ പറയുന്നത്. 

ഈ മാസം 31 നകം ഈ രീതിയിൽ നികുതിനിർണയം നടത്തി തീർക്കേണ്ടതായി വകുപ്പ് കണ്ടെത്തിയിട്ടുള്ള 1,483 നികുതിദായകരുടെ അസസ്മെന്റുകൾ തീർപ്പുകൽപ്പിക്കണമെന്നും കമ്മീഷണരുടെ ഉത്തരവിൽ പറയുന്നു. 

രാജ്യത്ത് ലോക്ക് ഡൗൺ നിലനിൽക്കെ വ്യക്തികൾ വീടുകളിൽ കഴിയുന്ന സാഹചര്യത്തിൽ രേഖകൾ പരിശോധിച്ച് ഇ -മെയിൽ വഴിയായോ മറ്റ്‌ ഇലക്ട്രോണിക് മാധ്യമങ്ങൾ വഴിയോ, ഫോൺ വഴിയോ ഉദ്യോഗസ്തരുടെ സംശയങ്ങൾ വേണ്ട രീതിയിൽ പരിഹരിക്കാൻ കഴിയില്ലെന്ന് കെഎസ്എസ്ഐഎ ഇത് സംബന്ധിച്ച് കേരള ധനമന്ത്രിക്കും ജിഎസ്ടി കമ്മീഷണർക്കും സമർപ്പിച്ച നിവേദനത്തിൽ പറയുന്നു.   

കൂടാതെ രാജ്യം കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലേക്ക് നീങ്ങി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വാറ്റ് നിയമത്തിൻ കീഴിൽ ഉള്ള എല്ലാ അസസ്മെന്റുകളും 2017-18 വരെ തീർന്നതായി അറിയിക്കണം എന്നും, തികച്ചും അപ്രായോഗികമായ നിർദ്ദേശങ്ങളോടു കൂടി ഇറക്കിയിട്ടുളള നികുതി വകുപ്പിന്റെ സർക്കുലർ ഉടൻ പിൻവലിക്കണമെന്നും കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷൻ ആവശ്യപ്പെട്ടു.