Asianet News MalayalamAsianet News Malayalam

മഹീന്ദ്രയും ഫോഡും തമ്മിലുളള '51-49' സംരംഭ കരാറിന് എന്താണ് സംഭവിച്ചത്? മഹീന്ദ്രയുടെ ശ്രദ്ധ വലിയ എസ്‍യുവികളിൽ

ഇന്ത്യയിലേക്കും ലോകത്തെ വളർന്നുവരുന്ന വിപണികളിലേക്കും കയറ്റുമതി ചെയ്യുന്നതിന് വാഹനങ്ങൾ സംയുക്തമായി വികസിപ്പിക്കാൻ രണ്ട് കമ്പനികളും പദ്ധതിയിട്ടിരുന്നു. 

Mahindra ford JV agreement project fail an analysis
Author
Mumbai, First Published Jan 2, 2021, 8:13 PM IST

ആ സംയുക്ത സംരംഭ പദ്ധതി ഇനി ഇല്ല.. ഓട്ടോമൊബൈൽ വ്യവസായ ലോകവും വാഹന പ്രേമികളും ഏറെ ആകാംക്ഷയോടെ കാത്തിരുന്നു മഹീന്ദ്ര- ഫോഡ് സംയുക്ത സംരംഭ പദ്ധതി ഉപേക്ഷിച്ചു. യുഎസ് വാഹന നിർമാതാക്കളായ ഫോഡിന്റെ ഇന്ത്യൻ ബിസിനസ്സിന്റെ 51 ശതമാനം ഓഹരി മഹീന്ദ്ര ആൻഡ് മഹീന്ദ്ര ​ഗ്രൂപ്പ് ഏറ്റെടുക്കുന്ന മാതൃകയിൽ വിഭാവനം ചെയ്തിരുന്ന സംരംഭത്തിൽ നിന്നാണ് ഇരു കമ്പനികളും പിന്മാറിയത്. 

കഴിഞ്ഞ ഒക്ടോബറിൽ സംരംഭ പദ്ധതി പ്രഖ്യാപിച്ചപ്പോൾ രാജ്യത്തെ വാ​ഹന പ്രേമികൾ ഏറെ ആവേശത്തോടെയാണ് തീരുമാനത്തെ സ്വീകരിച്ചത്. അന്ന് വിദ​ഗ്ധരടക്കം നിരവധി പേർ ഇന്ത്യൻ വാഹന നിർമാണ വ്യവസായ ചരിത്രത്തിലെ സുപ്രധാന പ്രഖ്യാപനമായാണ് ഇതിനെ കണ്ടത്. എന്നാൽ, ഇപ്പോഴത്തെ അന്താരാഷ്ട്ര ബിസിനസ് സാഹചര്യങ്ങൾ പരി​ഗണിച്ച് സംയുക്ത സംരംഭ നീക്കം ഉപേക്ഷിക്കുകയാണെന്നും ഇന്ത്യൻ വിപണിയിൽ സ്വതന്ത്രമായി മുന്നോട്ടുപോകുമെന്നും ഇരുകമ്പനികളും വ്യക്തമാക്കി.  

കൂടുതൽ ശ്രദ്ധ ഇലക്ട്രിക് പതിപ്പുകളിൽ

സ്പോർട്ട്-യൂട്ടിലിറ്റി വാഹനങ്ങളുടെ (എസ്‍യുവികൾ) പ്രധാന പോർട്ട് ഫോളിയോയും അവയുടെ ഇലക്ട്രിക് പതിപ്പും വികസിപ്പിക്കുന്നതിൽ മഹീന്ദ്ര & മഹീന്ദ്ര ലിമിറ്റഡ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അറിയിച്ചു. "ഓട്ടോമോട്ടീവ് ബിസിനസ്സിനായി ഒരു പുതിയ തന്ത്രം രൂപപ്പെടുത്തുന്നതിനായി ഇന്ത്യൻ വിപണിയിലും വലിയ എസ്‍യുവികളിലും ശ്രദ്ധ കേന്ദ്രീകരിക്കുകയും ഇലക്ട്രിക് വാഹന പദ്ധതികളിലേക്ക് മാറുകയും ചെയ്യും, " മഹീന്ദ്രയുടെ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ അനിഷ് ഷാ പറഞ്ഞു. ഫോഡ് മോട്ടോർ കമ്പനിയുമായുളള സംയുക്ത സംരംഭ ചർച്ചകൾ അവസാനിപ്പിച്ചതായുളള അറിയിപ്പിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഏപ്രിൽ മുതൽ മാനേജിംഗ് ഡയറക്ടറായി ചുമതലയേൽക്കുന്ന ഷാ റോയിട്ടേഴ്സിനോടാണ് ഇക്കാര്യങ്ങൾ വിശദീകരിച്ചത്. 

"പ്രാദേശിക, കയറ്റുമതി വിപണികൾക്കായി എസ്‍യുവികൾ നിർമ്മിക്കുന്നതിനായി ഇന്ത്യയിൽ കൂടുതൽ ഇലക്ട്രിക് പ്ലാറ്റ് ഫോമുകൾ വികസിപ്പിക്കാൻ വാഹന നിർമാതാക്കൾ ശ്രമിക്കും. മഹീന്ദ്രയുടെ ഹൈ-എൻഡ് ഇലക്ട്രിക് വാഹനമായ പിനിൻഫറീന ബാറ്റിസ്റ്റ ഇതിന്റെ ഒരു തുടക്കമാണ്, " അദ്ദേ​ഹം പറഞ്ഞു.

ഇന്ത്യയിലേക്കും ലോകത്തെ വളർന്നുവരുന്ന വിപണികളിലേക്കും കയറ്റുമതി ചെയ്യുന്നതിന് വാഹനങ്ങൾ സംയുക്തമായി വികസിപ്പിക്കാൻ രണ്ട് കമ്പനികളും പദ്ധതിയിട്ടിരുന്നു. ഇന്ത്യയിൽ തന്നെ ഇത്തരം വാഹനങ്ങൾ നിർമിക്കാനായിരുന്നു പദ്ധതി. എന്നാൽ, വാഹന വ്യവസായ ലോകത്തെ ആകെ ഞെട്ടിച്ചുകൊണ്ട് ഇരു കമ്പനികളും പിൻവാങ്ങൽ പ്രഖ്യാപിക്കുകയായിരുന്നു.

51-49 കരാർ ഇല്ലാതായി !

എന്നാൽ, മഹീന്ദ്രയും ഫോഡും തമ്മിൽ സഹകരിച്ച് പുതിയ മോഡൽ വാഹനങ്ങൾ വിപണിയിൽ അവതരിപ്പിക്കുന്നതിനെ ഈ തീരുമാനം ഒരിക്കലും ബാധിക്കില്ല. മഹീന്ദ്ര നിർമിക്കുന്ന എൻജിനുകളും മറ്റ് ഘടകങ്ങളും ഫോഡ് വാഹനങ്ങളിൽ ഉപയോ​ഗിക്കുന്നതിനും പുതിയ പ്രഖ്യാപനം തടസ്സമാകില്ല. ഇരു കമ്പനികളും തമ്മിലുളള കരാർ പ്രകാരം 657 കോടി രൂപയ്ക്ക് മഹീന്ദ്ര ഫോഡിന്റെ ഇന്ത്യൻ ബിസിനസ്സിന്റെ 51 ശതമാനം ഓഹരി വാങ്ങാനിരുന്നതാണ്. ശേഷിക്കുന്ന 49 ശതമാനം ഓഹരി ഫോഡ് നിലനിർത്തും. ചെന്നൈ, ​ഗുജറാത്തിലെ സാനന്ദ് എന്നിവടങ്ങളിൽ കാർ നിർമാണശാലകൾ സംയുക്ത സംരംഭത്തിന്റെ കീഴിലാക്കാനായിരുന്നു ആലോചന. ഇവിടെ നിന്ന് ആഭ്യന്തര- വിദേശ വിപണി ലക്ഷ്യമിട്ട് നിർമാണ പ്രവർത്തനങ്ങൾ നടത്താനും ഇരു കമ്പനികളും ധാരണയിൽ എത്തിയിരുന്നു. 

ഓഹരി വാങ്ങുന്നത് അടക്കം 1,400 കോടിയുടെ മുതൽമുടക്ക് നടത്താനായുളള നടപടികൾക്ക് മ​ഹീന്ദ്ര ​ഗ്രൂപ്പ് തുടക്കം കുറിച്ചിരുന്നു. എന്നാൽ, കൊവിഡ് ധനകാര്യ പ്രതിസന്ധികൾ ശക്തമായതോടെ കരാറുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നിലച്ചു. പിന്നീട് ഇരുകമ്പനികളും സംയുക്ത സംരംഭത്തിൽ നിന്ന് പിന്മാറാൻ തീരുമാനിക്കുകയായിരുന്നു. കരാർ സംബന്ധിച്ച അന്തിമ തീരുമാനം എടുക്കേണ്ടിയിരുന്ന ഡിസംബർ 31 ന് പിരിയാനുളള തീരുമാനമാണ് കമ്പനികളുടെ ഭാ​ഗത്ത് നിന്നുണ്ടായത്. വൻ തോതിലുളള തൊഴിൽ സാധ്യതകളും സംയുക്ത സംരംഭ പ​ദ്ധതിയുടെ ഭാ​ഗമായി പ്രവചിക്കപ്പെട്ടിരുന്നു. 

കൂടുതൽ ശ്രദ്ധ ഇനി ഇന്ത്യയിൽ

വിദേശ സംരംഭങ്ങളിൽ നിന്ന് പിന്മാറാനുളള നടപടികളും മഹീന്ദ്ര തുടങ്ങിക്കഴിഞ്ഞു. ദക്ഷിണ കൊറിയയിലുളള ഉപകമ്പനിയായ സാങ്‍യോങ്ങിലുളള 75 ശതമാനം ഓഹരികൾ വിറ്റഴിക്കാൻ മഹീന്ദ്ര തീരുമാനിച്ചു. ദക്ഷിണ കൊറിയൻ വാഹന വിപണിയിൽ നിന്ന് പിന്മാറാനാണ് കമ്പനിയുടെ തീരുമാനം. ഇറ്റലിയിലെ മഹീന്ദ്രയുടെ ഉടമസ്ഥതയിലുളള വാഹന ഡിസൈനിം​ഗ് കമ്പനിയായ പിനിൻഫരീനയുടെ ഉപകമ്പനിയായ പിനിൻഫരീന എൻജിനീയറിം​ഗ് അടച്ചുപൂട്ടാനും ഈ അടുത്ത് തീരുമാനമെ‌ടുത്തിരുന്നു. ഇന്ത്യൻ വിപണിക്ക് കൂടുതൽ ശ്രദ്ധ നൽകാനാണ് മഹീന്ദ്രയുടെ പുതിയ നടപടികൾ എന്നാണ് റിപ്പോർട്ടുകൾ.  

Follow Us:
Download App:
  • android
  • ios