മുംബൈ: കോര്‍പ്പറേറ്റ് നികുതി കുറയ്ക്കാനുളള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം കമ്പനികള്‍ക്ക് ഗുണപരമാണെന്നും എന്നാല്‍, തീരുമാനം സര്‍ക്കാരിനെ ധനപരമായി അപകടത്തിലേക്ക് തള്ളിവിട്ടേക്കാമെന്നും ആഗോള ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ മൂഡിസ് അഭിപ്രായപ്പെട്ടു. 

രാജ്യം നേരിടുന്ന വളര്‍ച്ചാ മുരടിപ്പിനെ മറികടക്കാന്‍ അടിസ്ഥാന കോര്‍പ്പറേറ്റ് നികുതികളില്‍ സര്‍ക്കാര്‍ സെപ്റ്റംബര്‍ 20 ന് കുറവ് വരുത്തിയിരുന്നു. 30 ശതമാനമായിരുന്ന കോര്‍പ്പറേറ്റ് നികുതി 22 ശതമാനമായാണ് കേന്ദ്ര സര്‍ക്കാര്‍ കുറവ് ചെയ്തത്. നിലവില്‍ മൂഡിസ് ഇന്ത്യയ്ക്ക് നല്‍കിയിരിക്കുന്ന റേറ്റിംഗ് Baa2 Stable എന്നുളളതാണ്. 

ഇന്ത്യയിലെ കോര്‍പ്പറേറ്റുകള്‍ക്ക് സര്‍ക്കാര്‍ തീരുമാനം 'ക്രെഡിറ്റ് പോസിറ്റീവ്' ആയിരിക്കുമെന്നാണ് മൂഡിസ് വ്യക്തമാക്കുന്നത്.  ഇത് നികുതിക്ക് ശേഷം ഉയര്‍ന്ന വരുമാനം നേടിയെടുക്കാന്‍ കോര്‍പ്പറേറ്റുകളെ സഹായിക്കും. എന്നാല്‍ സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഇത് ക്രെഡിറ്റ് നെഗറ്റീവ് ആണ്, കാരണം ഇത് ധനക്കമ്മി ലക്ഷ്യം കൈവരിക്കുന്നതിൽ സർക്കാരിന് പ്രതിസന്ധി വര്‍ധിപ്പിക്കുമെന്നും ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സി അഭിപ്രായപ്പെടുന്നു.