ടാറ്റ ഗ്രൂപ്പിന്റെ ഡിജിറ്റല്‍ സംരംഭമായ 'ടാറ്റ ഡിജിറ്റലി'ലേക്ക് 7,000 കോടി രൂപയുടെ പുതിയ നിക്ഷേപം മാനേജ്മെന്റ് ആവശ്യപ്പെട്ടതിനെ ചോദ്യം ചെയ്ത് ടാറ്റ ട്രസ്റ്റ് ചെയര്‍മാന്‍ നോയല്‍ ടാറ്റ. ബിഗ്ബാസ്‌ക്കറ്റിന്റെ വിപണി വിഹിതത്തിലെ ഇടിവും, ഡിജിറ്റല്‍ ബിസിനസുകളിലെ വന്‍ നഷ്ട സാധ്യതകളും ഗ്രൂപ്പിനുള്ളില്‍ ഭിന്നാഭിപ്രായങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.
ടാറ്റാ ഗ്രൂപ്പിന്റെ ഡിജിറ്റല്‍ സംരംഭങ്ങളായ ബിഗ്ബാസ്‌ക്കറ്റ്, ടാറ്റ ക്ലിക് എന്നിവയുള്‍പ്പെടുന്ന 'ടാറ്റ ഡിജിറ്റലി'ലേക്ക് പുതിയ നിക്ഷേപമായി 7,000 കോടി രൂപ കൂടി വേണമെന്ന മാനേജ്മെന്റിന്റെ ആവശ്യത്തെ ചോദ്യം ചെയ്ത് ടാറ്റ ട്രസ്റ്റ് ചെയര്‍മാന്‍ നോയല്‍ ടാറ്റ. ഇത്രയും വലിയ തുക ചോദിക്കുന്നതിന്റെ കാരണവും, ഈ ബിസിനസ് പ്ലാനിലെ കണക്കുകൂട്ടലുകള്‍ എത്രത്തോളം പ്രായോഗികമാണെന്നും നോയല്‍ ടാറ്റ ചോദിച്ചതായി മണികണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്തു.
പ്രതീക്ഷിക്കുന്നത് വന്‍ നഷ്ടം
അടുത്ത മൂന്ന് സാമ്പത്തിക വര്‍ഷങ്ങളില്‍ ഈ ഡിജിറ്റല്‍ ബിസിനസുകള്‍ക്ക് 9,000 കോടി രൂപയുടെ നഷ്ടം ഉണ്ടായേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വിപണിയിലെ സ്വാധീനം വര്‍ധിപ്പിക്കാനും പുതിയ ഉപഭോക്താക്കളെ കണ്ടെത്താനും വന്‍തോതില്‍ പണം മുടക്കുന്നതിനാലാണിത്. പ്രതിവര്‍ഷം 45 ശതമാനം വരുമാന വളര്‍ച്ചയുണ്ടാകുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടല്‍. എന്നാല്‍, നിലവില്‍ ഡിജിറ്റല്‍ മേഖലയിലെ പല വിഭാഗങ്ങളുടെയും വളര്‍ച്ചാ നിരക്ക് ഇതിലും വളരെ താഴെയാണ്. ഇത് അമിത പ്രതീക്ഷയാണെന്നും, കടുത്ത മത്സരം നേരിടുന്ന ഡിജിറ്റല്‍ വിപണിയിലെ അപകടസാധ്യതകള്‍ വേണ്ടത്ര വിലയിരുത്തിയിട്ടില്ലെന്നും നോയല്‍ ടാറ്റ ചൂണ്ടിക്കാട്ടി.
'ടാറ്റ ക്ലിക്' നമുക്ക് ആവശ്യമുണ്ടോ?
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ടാറ്റ ഗ്രൂപ്പില്‍ നിന്ന് ഏറ്റവും കൂടുതല്‍ പണം ഒഴുകുന്നത് ടാറ്റ ഡിജിറ്റലിലേക്കാണ്. എയര്‍ ഇന്ത്യ, സെമികണ്ടക്ടര്‍ ബിസിനസുകള്‍ എന്നിവ രാജ്യത്തിന് തന്നെ പ്രാധാന്യമുള്ള പദ്ധതികളാണ്. അങ്ങനെയുള്ളപ്പോള്‍ വസ്ത്രങ്ങള്‍ക്കും സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ക്കുമായുള്ള ഇ- കൊമേഴ്സ് പ്ലാറ്റ്ഫോമായ 'ടാറ്റ ക്ലിക്' നമ്മള്‍ കൊണ്ടുനടക്കേണ്ടതുണ്ടോ എന്ന് നോയല്‍ ടാറ്റ യോഗത്തില്‍ ചോദിച്ചതായാണ് വിവരം. 2016-ല്‍ തുടങ്ങിയ ടാറ്റ ക്ലിക് നിലവില്‍ ടാറ്റ യൂണിസ്റ്റോര്‍ ലിമിറ്റഡിന്റെ ഉടമസ്ഥതയിലാണുള്ളത്.
ബിഗ്ബാസ്‌ക്കറ്റിന് അടിതെറ്റുന്നു
ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട്, റിലയന്‍സ് തുടങ്ങിയ വമ്പന്മാര്‍ക്കും സെപ്‌റ്റോ, ബ്ലിങ്കിറ്റ്, സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ട് തുടങ്ങിയ ക്വിക്ക് കൊമേഴ്സ് പ്ലാറ്റ്ഫോമുകള്‍ക്കും മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ ടാറ്റ ഡിജിറ്റലിന്റെ സംരംഭങ്ങള്‍ പാടുപെടുകയാണ്. ബിഗ്ബാസ്‌ക്കറ്റ്, ടാറ്റ ക്ലിക്, ക്രോമ, ടാറ്റ ന്യൂ സൂപ്പര്‍- ആപ്പ് തുടങ്ങിയവയെല്ലാം ടാറ്റ ഡിജിറ്റലിന് കീഴിലാണ് വരുന്നത്.
2025 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ നഷ്ടം അല്പം കുറഞ്ഞെങ്കിലും വലിയ തുക ഇപ്പോഴും ചിലവാകുന്നുണ്ട്. 2021-ല്‍ ഏകദേശം 40 ശതമാനത്തോളം വിപണി വിഹിതമുണ്ടായിരുന്ന ബിഗ്ബാസ്‌ക്കറ്റിന്റെ ഇപ്പോഴത്തെ വിഹിതം വെറും 7 ശതമാനമായി കൂപ്പുകുത്തിയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഓണ്‍ലൈന്‍ റീട്ടെയില്‍ രംഗത്ത് ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ വന്‍തുക ചെലവാക്കേണ്ടി വരുന്നത് ലാഭമുണ്ടാക്കുന്നതിന് വലിയ തടസ്സമായി മാറിയിരിക്കുകയാണ്.
ലാഭത്തിലോടുന്ന ലിസ്റ്റഡ് കമ്പനികള്‍, നഷ്ടത്തില്‍ എയര്‍ ഇന്ത്യ
2025 സാമ്പത്തിക വര്‍ഷത്തെ കണക്കുകള്‍ പ്രകാരം ടാറ്റ സണ്‍സിന് 30 കമ്പനികളിലായാണ് നിക്ഷേപമുള്ളത്. ഇതില്‍ ഓഹരി വിപണിയിലുള്ള 14 കമ്പനികളും ലാഭത്തിലാണ്. എന്നാല്‍ അണ്‍ലിസ്റ്റഡ് ആയ 16 കമ്പനികളില്‍ ഒന്‍പതെണ്ണം മാത്രമാണ് ലാഭത്തിലുള്ളത്. ബാക്കിയുള്ളവ ഗ്രൂപ്പിന് വലിയ സാമ്പത്തിക ബാധ്യതയാണുണ്ടാക്കുന്നത്. ഇതില്‍ ഏറ്റവും വലിയ നഷ്ടമുണ്ടാക്കിയത് എയര്‍ ഇന്ത്യയാണ് (10,859 കോടി രൂപ). 2019-ല്‍ എയര്‍ ഇന്ത്യ ഏറ്റെടുക്കുന്ന നടപടികള്‍ ആരംഭിച്ചതുമുതല്‍ ഇതിന്റെ വികസനത്തിനായി ടാറ്റ വന്‍തുകയാണ് ചെലവാക്കുന്നത്.
നിര്‍ണായക ചര്‍ച്ചകള്‍
മേയ് 26-ന് നടന്ന യോഗത്തില്‍ എയര്‍ ഇന്ത്യ, ടാറ്റ ഇലക്ട്രോണിക്‌സ്, ടാറ്റ ഡിജിറ്റല്‍ എന്നീ കമ്പനികളുടെ മേധാവികള്‍ തങ്ങളുടെ ബിസിനസ് പ്ലാനുകള്‍ അവതരിപ്പിച്ചിരുന്നു. യോഗത്തില്‍ സുപ്രധാന തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെങ്കിലും, വലിയ നിക്ഷേപങ്ങള്‍ വേണ്ടിവരുന്ന ഇത്തരം ബിസിനസുകളിലേക്ക് ഇനിയും പണം ഒഴുക്കുന്നത് സംബന്ധിച്ച് ഭിന്നാഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നുണ്ട് എന്ന് വ്യക്തമാണ്.
ടാറ്റ സണ്‍സിന്റെ പ്രധാന ഓഹരി ഉടമകളായ ടാറ്റ ട്രസ്റ്റിന്റെ നിര്‍ണായക യോഗം ജൂണ്‍ 8-ന് നടക്കും. ഇതിന് പിന്നാലെ ജൂണ്‍ 12-ന് ടാറ്റ സണ്‍സ് ബോര്‍ഡ് യോഗവും ചേരും. എയര്‍ ഇന്ത്യ, ഡിജിറ്റല്‍ ബിസിനസുകള്‍ തുടങ്ങിയവയിലെ മൂലധന വിനിയോഗം, ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന്റെ ഭാവി നേതൃത്വം തുടങ്ങിയ സുപ്രധാന കാര്യങ്ങള്‍ വരും യോഗങ്ങളില്‍ പ്രധാന ചര്‍ച്ചയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
