ദില്ലി: സാമ്പത്തിക സേവന ദാതാക്കളിൽ പ്രധാനിയായ പേടിഎം തങ്ങളുടെ 250 കോടിയുടെ ഓഹരികൾ കമ്പനിയിലെ ജീവനക്കാർക്ക് വാഗ്ദാനം ചെയ്യാൻ തീരുമാനിച്ചു. ഇതിന് പുറമെ വിവിധ സ്ഥാനങ്ങളിലേക്ക് 500 പേരെ നിയമിക്കാനും തീരുമാനിച്ചിട്ടുണ്ട്.

കമ്പനിയിൽ ഉടമസ്ഥാവകാശം ഉള്ള തൊഴിലാളികളുടെ എണ്ണം ഇതിലൂടെ വർധിക്കും. നിലവിൽ അയ്യായിരത്തോളം ജീവനക്കാർ കമ്പനിയിൽ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്.

അതേസമയം പേടിഎമ്മിന്റെ അപ്രൈസൽ ഗണത്തിൽ ഏറ്റവും പിന്നിലുള്ള ആൾക്കാരെ തത്കാലം പിരിച്ചുവിടില്ലെന്ന് കമ്പനിയുടെ ചീഫ് ഹ്യൂമൻ റിസോർസ് ഓഫീസർ രോഹിത് താക്കൂർ വ്യക്തമാക്കി. ഇവർക്കെല്ലാം മുഴുവൻ വേതനവും ലഭിക്കും.

പേടിഎമ്മിന് 16 ബില്യൺ ഡോളർ വലിപ്പമുണ്ടെന്നാണ് കഴിഞ്ഞ നവംബറിൽ അമേരിക്കൻ അസറ്റ് മാനേജ്മെന്റ് കമ്പനികളിലെ പ്രധാനിയായ ടി റോവ് പ്രൈസ് പുറത്തിറക്കിയ കണക്ക്. ആൻറ്റ് ഫിനാൻഷ്യലും സോഫ്റ്റ് ബാങ്കുമായി ചേർന്നാണ് അവർ ഇത് തയ്യാറാക്കിയത്.