പൊതുമേഖല ബാങ്കുകളുടെ ഓഹരി വില്‍പ്പന സംബന്ധിച്ച് ഒരു പൊതുവായ മാനദണ്ഡം രൂപീകരിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) ധനമന്ത്രാലയ ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചതായി റിപ്പോര്‍ട്ട്. ഓഹരി വില്‍പ്പന സംബന്ധിച്ച് നിക്ഷേപകരെ ആകര്‍ഷിക്കാനായി ബാങ്കുകളുടെ ബോര്‍ഡില്‍ നിന്നുളള പൂര്‍ണമായ പിന്‍മാറ്റമാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിടുന്നത്. വില്‍പ്പന നടത്തുമ്പോള്‍ ബാങ്കുകളിലെ സര്‍ക്കാര്‍ ഓഹരികള്‍ മുഴുവനായി കൈമാറാനുളള തന്ത്രപരമായ നടപടിയാണിത്. 

ഇതിലൂടെ നിക്ഷേപകര്‍ക്ക് കൂടുതല്‍ താല്‍പര്യം വര്‍ധിക്കുമെന്നും സര്‍ക്കാര്‍ കണക്കുകൂട്ടുന്നു. പൊതുമേഖല ബാങ്കുകളിലെ ഓഹരികള്‍ വില്‍ക്കുന്ന ഘട്ടത്തില്‍ ചെറിയ ശതമാനം ഓഹരികള്‍ സര്‍ക്കാരിന്റെ പക്കല്‍ നിലനിര്‍ത്താനായിരുന്നു ആദ്യ ആലോചന. എന്നാല്‍, ഇന്ത്യന്‍ നിയമം അനുസരിച്ച് 10 ശതമാനം ഓഹരി ഉണ്ടെങ്കില്‍ പോലും ബോര്‍ഡ് തീരുമാനങ്ങളില്‍ ഇടപെടാന്‍ ഓഹരി ഉടമയ്ക്ക് കഴിയും. ഇത് ഓഹരി വിൽപ്പനയെ പ്രതികൂലമായി ബാധിച്ചേക്കുമെന്ന കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം. 

പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ), ധനമന്ത്രാലയം, ആർബിഐ എന്നിവയ്ക്കിടയിൽ, ഏത് തലത്തിലുള്ള ഓഹരി നിലനിർത്തൽ വേണം എന്നതിനെക്കുറിച്ച് പല ഘട്ടങ്ങളിലായുളള ചർച്ചകൾ നടന്നതായി ഉന്നത സർക്കാർ വൃത്തങ്ങൾ അറിയിച്ചതായി പ്രമുഖ ദേശീയ മാധ്യമമായ ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്യുന്നു. ഈ സാമ്പത്തിക വർഷം സർക്കാരിന് പുറത്തുള്ള സ്പെഷ്യലിസ്റ്റുകളുമായി ചർച്ചകൾ നടന്നിട്ടുണ്ട്, പ്രത്യേകിച്ചും ജൂലൈ മുതൽ, ഈ വിഷയത്തിൽ സമഗ്രമായ ചർച്ചയ്ക്ക് പിഎംഒയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തയ്യാറെടുക്കുന്നതായി സുഭോമോയ് ഭട്ടാചാർജി ബിസിനസ് സ്റ്റാൻഡേർഡിൽ എഴുതിയ ലേഖനത്തിൽ പറയുന്നു.   

പി കെ മൊഹാന്തി റിപ്പോർട്ട് ഈ ആഴ്ച

ഒരു ബാങ്കിൽ 10 ശതമാനം ഓഹരി പങ്കാളിത്തമുണ്ടെങ്കിൽ പോലും സർക്കാർ ബോർഡ് തീരുമാനങ്ങളിൽ നിന്ന് വിട്ടുനിൽക്കുമെന്ന് തന്ത്രപരമായ ഓഹരി പങ്കാളിയെ വിശ്വസിപ്പിക്കുന്നത് അസാധ്യമാണെന്ന് ഉന്നത വൃത്തങ്ങൾ അഭിപ്രായപ്പെടുന്നത്. ഉദാഹരണത്തിന്, ഇന്ത്യൻ കമ്പനി നിയമപ്രകാരം, കമ്പനിയുടെ പെയ്ഡ്-അപ്പ് ഷെയർ ക്യാപിറ്റലിന്റെ 10 ശതമാനം ഉള്ള ഒരു ഷെയർഹോൾഡർക്ക് രേഖാമൂലമുള്ള അറിയിപ്പ് പ്രകാരം, അസാധാരണമായ ഒരു പൊതുയോഗം വിളിക്കാൻ ബോർഡിനോട് അഭ്യർത്ഥിക്കാൻ സാധിക്കും. സർക്കാർ സാന്നിധ്യം ഉറപ്പിക്കാൻ മറ്റ് വഴികളുണ്ട്, പുതിയ മാനേജ്മെൻറുമായുള്ള ഈ പിരിമുറുക്കം ബാങ്കിനെ വളരാൻ സഹായിക്കില്ലെന്നും അവർ അഭിപ്രായപ്പെ‌ടുന്നു. 

ഇന്ത്യൻ സ്വകാര്യമേഖലയിലെ ബാങ്കുകളെ "അന്താരാഷ്ട്ര രീതികളും ആഭ്യന്തര ആവശ്യങ്ങളും" ഉള്ള ഒരു തലത്തിലേക്ക് കൊണ്ടുവരുന്നതിനുള്ള ലൈസൻസിംഗ്, ഉടമസ്ഥാവകാശ മാർഗ്ഗനിർദ്ദേശങ്ങൾ അവലോകനം ചെയ്യുന്നതിനായി റിട്ടയേർഡ് ബ്യൂറോക്രാറ്റായ പി കെ മൊഹാന്തിക്ക് കീഴിൽ റിസർവ് ബാങ്ക് ഒരു കമ്മിറ്റി രൂപീകരിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ അദ്ദേഹത്തിന്റെ റിപ്പോർട്ട് റിസർവ് ബാങ്കിന് മുന്നിൽ എത്തും. ഈ റിപ്പോർട്ട് കേന്ദ്ര സർക്കാരിന്റെ പൊതുമേഖല ബാങ്ക് ഓഹരി വിൽപ്പനയെ ഏറെ സ്വാധീനിച്ചേക്കും. 

നാല് ബാങ്കുകളിലെ ഓഹരി സർക്കാർ വിറ്റേക്കും

12 പൊതുമേഖലാ ബാങ്കുകളിൽ, ഏറ്റവും ചെറിയ നാല് ബാങ്കുകൾ വിൽക്കാനാണ് സർക്കാരിന്റെ ആലോചന. ബാങ്ക് ഓഫ് മഹാരാഷ്ട്ര, പഞ്ചാബ് -സിന്ധ് ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക് എന്നിവ ഇതിൽ ഉൾപ്പെടുന്നു. മറ്റുചിലത് ലയിപ്പിച്ച് വലിയ ബാങ്കുകൾ രൂപീകരിക്കാനാണ് പദ്ധതി.

ഒരു നിക്ഷേപകന് സ്വകാര്യമേഖലയിലെ ബാങ്കുകളുടെ ബോർഡുകളിൽ ചേരുന്നതിന് ആർബിഐ കടുത്ത മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നു, മാത്രമല്ല മറ്റ് വ്യവസായ മേഖലകളുമായി സമ്പർക്കം പുലർത്തുന്ന എല്ലാ ബിസിനസ്സ് ഗ്രൂപ്പുകളെയും ബാങ്ക് ബോർഡിൽ പ്രവേശിക്കുന്നതിൽ നിന്ന് ആർബിഐ നിയമം വിലക്കുന്നുണ്ട്. ബാങ്കുകളുടെ പുതിയ ഉടമയെ തിരഞ്ഞെടുക്കുന്നതിനുള്ള “അനുയോജ്യവും ഉചിതമായതുമായ മാനദണ്ഡങ്ങൾ” കണക്കിലെടുക്കുമ്പോൾ, ഈ നിയന്ത്രണങ്ങൾ പൊതുമേഖലാ ബാങ്കുകളിൽ നിക്ഷേപിക്കാനുളള താൽപര്യം കുറയ്ക്കുമെന്നും ഉന്നത ഉദ്യോഗസ്ഥർ കരുതുന്നു. ഒരു വർഷത്തിൽ ഒന്നിൽ കൂടുതൽ വിൽപ്പനയ്ക്ക് വയ്ക്കുന്നത് കടുത്ത വിൽപ്പന പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്യും.