നിക്ഷേപം ഉണ്ടെന്നോ തുക എത്രയെന്നോ പോലും വെളിപ്പെടുത്താൻ കഴിയാത്ത നിക്ഷേപകർ പോപ്പുലർ ഫിനാൻസിൽ അനേകമുണ്ട്. വലിയതോതിൽ നിക്ഷേപത്തട്ടിപ്പിന് ആസൂത്രണം ചെയ്യാൻ ഫിനാൻസ് ഉടമകളെ പ്രേരിപ്പിച്ച പ്രധാന ഘടകങ്ങളിൽ ഒന്നും ഇതായിരുന്നു. ഇത്തരം നിക്ഷേപങ്ങളെ സംബന്ധിച്ച പണം കണ്ടെത്തിയാലും നിയമപരമായി ചോദ്യം ചെയ്യാൻ കഴിയില്ലെന്ന ഉറപ്പ് പോപ്പുലർ ഫിനാൻസ് ഉടമകൾക്കുണ്ടായിരുന്നതായാണ് കണ്ടെത്തൽ. 

കോടിക്കണക്കിന് രൂപ ഫിനാൻസിൽ നിക്ഷേപിച്ചവരെ സംബന്ധിച്ച് നിർണായക സൂചനകൾ പോലീസിന് ലഭിച്ചു. എന്നാൽ, ഇവരിൽ പലരും പോലീസിൽ പരാതിപ്പെട്ടിട്ടില്ല. പോപ്പുലർ ഫിനാൻസ് തട്ടിപ്പിൽ ഉടമ റോയി ഡാനിയേലിന്റെ രണ്ടാമത്തെ മകൾ ഡോ. റിയ ആൻ തോമസ് കൂടി പോലീസ് കസ്റ്റഡിയിലായതോടെ കുടുംബം മുഴുവൻ റിമാൻഡിലായി. അടുത്ത ദിവസങ്ങളി‍ൽ റിയയെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യുമെന്നാണ് അന്വേഷണ സംഘത്തിൽ നിന്ന് ലഭിക്കുന്ന സൂചന. 

പോപ്പുലർ ഫിനാൻസ് ഉടമ റോയി ഡാനിയേൽ, ‌ഭാര്യ പ്രഭാ തോമസ് ഡാനിയേൽ, മക്കളായ ഡോ റിനു മറിയം തോമസ്, ഡോ റിയ ആൻ തോമസ്, റീബ തോമസ് എന്നിവരാണ് റിമാൻഡിലുളളത്. കേരളത്തിന് അകത്തും പുറത്തുമായി തട്ടിപ്പിന് ഇരയായ നിരവധി പേരാണ് പരാതിയുമായി പോലീസിനെ സമീപിക്കുന്നത്. കേരളത്തിന് പുറത്ത് നിന്നുളളവർ ഇ -മെയിൽ വഴിയും പോലീസിന് പരാതി സമർപ്പിക്കുന്നുണ്ട്. കഴിഞ്ഞ ദിവസത്തെ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തിലാകും ഇനി കേസിന്റെ അന്വേഷണം മുന്നോട്ട് പോവുക. 

ലോജിസ്റ്റിക്കൽ പിന്തുണ കേരള സർക്കാർ നൽകണം

പോപ്പുലർ ഫിനാൻസിന്റെ തട്ടിപ്പുമായി ബന്ധപ്പെട്ട് പോലീസിന് മുൻപാകെ എത്തുന്ന പരാതികളിൽ പ്രത്യേക കേസെടുത്ത് പ്രത്യേകം എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നാണ് കോടതി ഇടക്കാല ഉത്തരവിൽ വ്യക്തമാക്കിയത്. ഇതോടെ പോപ്പുലർ ഫിനാൻസ് നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് ഒറ്റ എഫ്ഐആർ മതിയെന്ന ഡിജിപിയുടെ സർക്കുലറിലെ വ്യവസ്ഥ റദ്ദായി. ഫിനാൻസിന്റെ ശാഖകൾ അടച്ചുപൂട്ടാനും സ്വർണം, പണം, മറ്റ് സ്വത്ത് വകകൾ കണ്ടുകെട്ടാനും കോടതി പോലീസിന് നിർദ്ദേശം നൽകി. 

പോപ്പുലർ ഫിനാൻസിലെ നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണത്തിൽ കേന്ദ്ര സർക്കാർ എത്രയും വേ​ഗം തീരുമാനമെടുക്കണമെന്നും കോടതി പറഞ്ഞു. നേരത്തെ കേസ് സിബിഐയെ ഏൽപ്പിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് കേരള സർക്കാർ ആവശ്യപ്പെട്ടിരുന്നു. 

നിക്ഷേപകരുടെ പണം ഓസ്ട്രേലിയ അടക്കമുളള വിദേശ രാജ്യങ്ങളിലേക്ക് കടത്തിയതായി സംശയമുളളതിനാൽ കേന്ദ്ര ഏജൻസി അന്വേഷണം ഏറ്റെടുക്കണം എന്നാണ് ആക്ഷൻ കൗൺസിലിന്റെയും ഹർജിക്കാരുടെയും ആവശ്യം. കേരളത്തിന് പുറത്തും വൻ തോതിൽ നിക്ഷേപത്തട്ടിപ്പ് നടന്നിട്ടുണ്ട്. ഫിനാൻസിന്റെ 250 ലേറെ ശാഖകൾ വഴി 3,000 കോടി രൂപയുടെ തട്ടിപ്പ് നടന്നതായാണ് ഹൈക്കോടതിയിലെ ഹർജികളിൽ വ്യക്തമാക്കുന്നത്. അന്വേഷണം സിബിഐ ഏറ്റെടുക്കുകയാണെങ്കിൽ സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിച്ച് മുൻപരിചയമുളള ഉദ്യോ​ഗസ്ഥരെ ഉൾപ്പെടുത്തിയുളള പ്രത്യേക സംഘത്തിന് സിബിഐ ഡയറക്ടർ രൂപം നൽകണമെന്നാണ് ഹൈക്കോടതി നിർദ്ദേശിച്ചത്. ഈ സംഘത്തിന് ആവശ്യമായ ലോജിസ്റ്റിക്കൽ പിന്തുണ കേരള സർക്കാർ ഉറപ്പാക്കണമെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവിൽ വ്യക്തമാക്കി.