കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനെ വിമര്‍ശിച്ചും വിഘടനവാദത്തെ പിന്തുണച്ചും കമ്പനികളുടെ പാകിസ്ഥാന്‍ അക്കൗണ്ട് ട്വീറ്റുകളെ ചൊല്ലിയാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. 

അഹമ്മദാബാദ്: കശ്മീര്‍ (Kashmir) വിഷയത്തില്‍ വിഘടനവാദികള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചതിനെ തുടര്‍ന്ന് പിസ ഹട് (Piza hut), ഡൊമിനോസ് പിസ (Dominos) , കെഎഫ്‌സി (KFC), ഹ്യുണ്ടായ് (Hyundai), അറ്റ്‌ലസ് ഹോണ്ട (Atlas honda) തുടങ്ങിയ കമ്പനികള്‍ക്കെതിരെ ഇന്ത്യയില്‍ പ്രതിഷേധം തുടരുന്നു. ഗുജറാത്തില്‍ ഇന്നലെ പ്രതിഷേധം അണപൊട്ടി. അഹമ്മദാബാദില്‍ വിവിധ കമ്പനികളുടെ സ്റ്റോറുകള്‍ പ്രതിഷേധക്കാര്‍ പൂട്ടിച്ചു. പിസ ഹട്, ഡൊമിനോസ് പിസ, കെഎഫ്‌സി തുടങ്ങിയ ആഗോള കമ്പനികളുടെ റീട്ടെയ്ല്‍ ഔട്ട്‌ലെറ്റുകളാണ് പൂട്ടിച്ചത്.

കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനെ വിമര്‍ശിച്ചും വിഘടനവാദത്തെ പിന്തുണച്ചും കമ്പനികളുടെ പാകിസ്ഥാന്‍ അക്കൗണ്ട് ട്വീറ്റുകളെ ചൊല്ലിയാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. സംഭവത്തിന് പിന്നാലെ ഇന്ത്യയില്‍ കമ്പനികള്‍ക്കെതിരെ പ്രതിഷേധമുണ്ടായി. തുടര്‍ന്ന് മാപ്പ് പറഞ്ഞ് കമ്പനികള്‍ രംഗത്തെത്തിയിരുന്നു. കശ്മീര്‍ വിഷയത്തില്‍ കമ്പനികളുടെ പാക്കിസ്ഥാനിലെ ട്വിറ്റര്‍ ഹാന്‍ഡിലുകളാണ് വിവാദ നിലപാട് സ്വീകരിച്ചത്. 

നേരത്തെ ഹ്യുണ്ടായി കമ്പനിക്ക് എതിരെ ബോയ്‌കോട്ട് ക്യാമ്പയിന്‍ ആരംഭിച്ചിരുന്നു. സംഭവത്തില്‍ ഇടപെട്ട വിദശകാര്യ മന്ത്രി ജയശങ്കര്‍ കമ്പനിയുടെ ദക്ഷിണ കൊറിയയിലെ മേധാവികളോട് ആശയ വിനിമയം നടത്തുകയും ശക്തമായ നടപടി വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.