മുംബൈ: ലോകത്തെ അതിവേഗം വളരുന്ന റീട്ടെയിൽ കമ്പനികളിൽ മുകേഷ് അംബാനിയുടെ റിലയൻസ് റീട്ടെയിലിന് രണ്ടാം സ്ഥാനം. ഡിലോയ്റ്റിന്റെ 2021 ലെ കണക്കാണിത്. ഗ്ലോബൽ റീട്ടെയിൽ കമ്പനികളിൽ 53ാം സ്ഥാനത്താണ് റിലയൻസ്. കഴിഞ്ഞ തവണ ഈ പട്ടികയിൽ 56ാം സ്ഥാനത്തായിരുന്നു.

യുഎസ് റീടെയ്ൽ ഭീമൻ വാൾമാർട്ടാണ് റീട്ടെയിൽ കമ്പനികളിൽ ഒന്നാമത്. ആമസോണാണ് രണ്ടാം സ്ഥാനത്ത്. അമേരിക്കയിലെ തന്നെ കോസ്റ്റ്കോ ഹോൾസെയിൽ കോർപറേഷൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ജർമ്മൻ കമ്പനിയായ ഷ്വാർസ് ഗ്രൂപ്പ് നാലാമതാണ്.

ആദ്യ പത്തിൽ ഏഴ് സ്ഥാനവും അമേരിക്കൻ കമ്പനികളാണ്. ഒരെണ്ണം യുകെയിൽ നിന്നുള്ള കമ്പനിയാണ്. റിലയൻസ് റീട്ടെയിൽ മാത്രമാണ് 250 അംഗ പട്ടികയിലെ ഏക ഇന്ത്യൻ കമ്പനി. തുടർച്ചയായ നാലാം തവണയാണ് റിലയൻസ് റീടെയ്ൽ ഈ പട്ടികയിൽ ഇടംപിടിക്കുന്നത്.

കഴിഞ്ഞ തവണ അതിവേഗം വളരുന്ന കമ്പനികളിൽ ഒന്നാമതായിരുന്ന റിലയൻസ് ഇത്തവണ രണ്ടാം സ്ഥാനത്തേക്ക് താഴ്ന്നു. 41.8 ശതമാനമാണ് കമ്പനിയുടെ വളർച്ച. കൺസ്യൂമർ ഇലക്ട്രോണിക്സ്, ഫാഷൻ, ഗ്രോസറി വിഭാഗങ്ങളിലായുള്ള റീട്ടെയിൽ ശൃംഖലയിൽ 11784 സ്റ്റോറുകളാണ് ഇപ്പോൾ റിലയൻസിനുള്ളത്. 7000ത്തിലേറെ നഗരങ്ങളിൽ സ്വാധീനമുണ്ട്. ഒരു വർഷത്തിനിടെ സ്റ്റോറുകളുടെ എണ്ണം 13.1 ശതമാനം വർധന രേഖപ്പെടുത്തി.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona