Asianet News MalayalamAsianet News Malayalam

ആർഐഎൽ റീട്ടെയിൽ ബിസിനസിന്റെ 40 ശതമാനം ആമസോണിന് വിറ്റേക്കുമെന്ന് റിപ്പോർട്ട്: ഓഹരി വിപണിയിൽ നേട്ടം

ബ്ലൂംബെർഗിന്റെ കണക്കുകൾ പ്രകാരം 20 ബില്യൺ ഡോളർ കരാർ നടപ്പായാൽ, അത് ഇന്ത്യയിലെയും ആമസോണിന്റെയും എക്കാലത്തെയും വലിയ ഇടപാടായിരിക്കും. 

ril may sell 40 percentage of there retail stakes to amazon
Author
Mumbai, First Published Sep 10, 2020, 5:01 PM IST

മുംബൈ: മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് തങ്ങളുടെ റീട്ടെയിൽ ബിസിനസിലെ ഏകദേശം 20 ബില്യൺ ഡോളർ ഓഹരി ആമസോണിന് വിൽക്കുന്നത് സംബന്ധിച്ച് താൽപര്യം അറിയിച്ചതായി റിപ്പോർട്ട്.

റിലയൻസ് റീട്ടെയിൽ വെൻചേഴ്സ് ലിമിറ്റഡിൽ നിക്ഷേപം നടത്തുന്നതിനെക്കുറിച്ച് ആമസോൺ ചർച്ചകൾ നടത്തിയെന്നും ഇടപാടുകൾ സംബന്ധിച്ച തുടർ ചർച്ചകൾ നടത്താൻ താൽപര്യം പ്രകടിപ്പിച്ചതായും പ്രമുഖ ദേശീയ മാധ്യമമായ ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്യുന്നു. മുംബൈ ആസ്ഥാനമായുള്ള റിലയൻസ് ഇൻഡസ്ട്രീസ് റീട്ടെയൽ ബിസിനസിന്റെ 40 ശതമാനം ഓഹരി ആമസോണിന് വിൽക്കാൻ തയ്യാറാണെന്നാണ് റിപ്പോർട്ടുകൾ. 

ബ്ലൂംബെർഗിന്റെ കണക്കുകൾ പ്രകാരം 20 ബില്യൺ ഡോളർ കരാർ നടപ്പായാൽ, അത് ഇന്ത്യയിലെയും ആമസോണിന്റെയും എക്കാലത്തെയും വലിയ ഇടപാടായിരിക്കും. ബ്ലൂംബെർഗിന്റെയും ദേശീയ മാധ്യമങ്ങളുടെയും റിപ്പോർട്ടുകൾക്ക് ശേഷം റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരികൾ എക്കാലത്തെയും ഉയർന്ന നിലയിലെത്തി. മുംബൈയിലെ വ്യാപാരത്തിനിടെ സ്റ്റോക്ക് 8.5 ശതമാനം ഉയർന്നു. ബിഎസ്ഇ സെൻസെക്സിലെ ദിവസത്തെ മികച്ച നേട്ടമാണിത്.

കൂടുതൽ മൂലധന ഒഴുക്ക് പ്രതീക്ഷിച്ച് ഇന്ത്യൻ രൂപ ഡോളറിനെതിരെ 0.5 ശതമാനം ഉയർന്ന് 73.1588 എന്ന നിലയിലെത്തി.

ഈ കരാർ വിജയിച്ചാൽ, ഇന്ത്യയിൽ ഒരു റീട്ടെയിൽ ഭീമൻ കമ്പനി സൃഷ്ടിക്കപ്പെട്ടേക്കുമെന്നാണ് റീട്ടെയിൽ രം​ഗത്തെ വിദ​ഗ്ധർ വ്യക്തമാക്കുന്നത്. ജെഫ് ബെസോസിനെയും ഏഷ്യയിലെ ഏറ്റവും ധനികനായ വ്യക്തിയെയും എതിരാളികളിൽ നിന്ന് സഖ്യകക്ഷികളാക്കി മാറ്റുകയും ലോകത്തെ അതിവേഗം വളരുന്ന ഉപഭോക്തൃ വിപണികളിലൊന്നായി ഇന്ത്യ മാറുകയും ചെയ്തേക്കും. 

Follow Us:
Download App:
  • android
  • ios