ഇന്ത്യൻ വൈൻ വിപണിയിലെ 'ഒന്ന് വാങ്ങിയാൽ ഒന്ന് സൗജന്യം' പോലുള്ള ഓഫറുകൾ മേഖലയെ അസ്ഥിരമാക്കുകയാണെന്ന് സുല വൈൻയാർഡ്സ് മുന്നറിയിപ്പ് നൽകുന്നു. ഈ മത്സരം ചെറുകിട നിർമ്മാതാക്കൾക്ക് ഭീഷണിയാകുമ്പോഴും, ഇന്ത്യൻ വൈൻ വിപണി അതിവേഗം വളരുകയാണെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

ഇന്ത്യന്‍ വൈന്‍ വിപണിയില്‍ ഇപ്പോള്‍ ഓഫറുകളുടെ പെരുമഴയാണ്. 'ഒന്ന് വാങ്ങിയാല്‍ ഒന്ന് സൗജന്യം' എന്ന രീതിയിലുള്ള ഓഫറുകള്‍ വൈന്‍ നിര്‍മാണ മേഖലയെത്തന്നെ അസ്ഥിരമാക്കുകയാണെന്ന് രാജ്യത്തെ ഏറ്റവും വലിയ വൈന്‍ നിര്‍മ്മാതാക്കളായ സുല വൈന്‍യാര്‍ഡ്സ് മുന്നറിയിപ്പ് നല്‍കുന്നു. ഈ രീതി തുടര്‍ന്നാല്‍ പല ചെറുകിട വൈന്‍ നിര്‍മ്മാതാക്കളും കടുത്ത പ്രതിസന്ധിയിലാകുമെന്നും, ചിലര്‍ വിപണിയില്‍ നിന്ന് പുറത്തുപോയേക്കാമെന്നും സുലയുടെ സ്ഥാപകനും സിഇഒയുമായ രാജീവ് സാമന്ത് പറഞ്ഞു.

Add Asianetnews as a Preferred SourcegooglePreferred

ഓഫറുകള്‍ക്ക് പിന്നിലെ കാരണം

ആഹാര സാധനങ്ങള്‍ മുതല്‍ ഫാഷന്‍ വരെ എല്ലാ മേഖലകളിലും ഇപ്പോള്‍ ഉപഭോക്താക്കള്‍ വലിയ ഓഫറുകളാണ് പ്രതീക്ഷിക്കുന്നത്. ഈ പ്രവണത വൈന്‍ വിപണിയിലും ശക്തമാണ്. പ്രത്യേകിച്ച് 300 രൂപ മുതല്‍ 500 രൂപ വരെ വിലയുള്ള വൈനുകള്‍ വില്‍ക്കുന്നവര്‍ തമ്മില്‍ കടുത്ത മത്സരമാണ് നടക്കുന്നത്. ലാഭം വളരെ കുറവാണെങ്കിലും വില്‍പന വര്‍ദ്ധിപ്പിക്കാന്‍ പല കമ്പനികളും 'ബൈ വണ്‍ ഗെറ്റ് വണ്‍' പോലുള്ള ഓഫറുകള്‍ നല്‍കാന്‍ നിര്‍ബന്ധിതരാകുന്നു.

വില വര്‍ദ്ധനവും വിനോദസഞ്ചാരവും

പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ കാരണം പാക്കേജിംഗ് ചെലവ് വര്‍ദ്ധിച്ചതിനാല്‍, ചില വൈനുകളുടെ വില ഈ വര്‍ഷം വര്‍ദ്ധിപ്പിക്കാന്‍ സുല പദ്ധതിയിടുന്നുണ്ട്. എന്നാല്‍ യൂറോപ്യന്‍ വൈനുകളുടെ ഇറക്കുമതി തീരുവ കുറയ്ക്കാന്‍ സാധ്യതയുള്ളതിനാല്‍, 1,200 രൂപയ്ക്ക് മുകളില്‍ വിലയുള്ള വൈനുകളുടെ വിലയില്‍ വലിയ വര്‍ദ്ധന വരുത്തില്ല.

അതിവേഗം വളരുന്ന ഒരു മേഖലയായി മാറിക്കൊണ്ടിരിക്കുകയാണ് ഇന്ത്യയിലെ വൈന്‍ വിപണി. നിലവില്‍ 500 മില്യണ്‍ യുഎസ് ഡോളറിലധികം (ഏകദേശം 5,150 കോടിയിലധികം രൂപ) മൂല്യമുള്ള ഈ വിപണി, ഓരോ വര്‍ഷവും 20 ശതമാനത്തിലധികം വാര്‍ഷിക വളര്‍ച്ചാ നിരക്കോടെ 2030-ഓടെ ഏകദേശം 1 ബില്യണ്‍ ഡോളറിലെത്തുമെന്നാണ് കണക്കാക്കുന്നത്. മികച്ച ഗുണനിലവാരമുള്ള പ്രീമിയം ഉല്‍പ്പന്നങ്ങളോടുള്ള താല്‍പര്യം, യുവാക്കളുടെ എണ്ണത്തിലെ വര്‍ദ്ധനവ്, മദ്യപാനത്തോടുള്ള സാമൂഹിക മനോഭാവത്തിലെ മാറ്റം എന്നിവയാണ് ഈ വളര്‍ച്ചയ്ക്ക് പിന്നില്‍. ഇതോടെ വൈന്‍ ഒരു ചെറിയ വിഭാഗം ആളുകള്‍ മാത്രം ഉപയോഗിക്കുന്ന ഒന്നെന്ന നിലയില്‍ നിന്ന് മാറി, വിപണിയിലെ ഒരു പ്രധാന ഉല്‍പ്പന്നമായി മാറിക്കൊണ്ടിരിക്കുകയാണ്.