ടാറ്റയ്ക്ക് 51 ശതമാനം ഓഹരിയുളള വിസ്താരയെക്കൂടി പുതിയ കമ്പനിയുടെ കീഴിലേക്ക് മാറ്റിയേക്കുമെന്നും സൂചനകളുണ്ട്. 

മുംബൈ: എയര്‍ ഇന്ത്യയെ ഏറ്റെടുക്കാനുളള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ടാറ്റ ഗ്രൂപ്പ് വ്യോമയാന മേഖലയില്‍ പ്രത്യേക മാതൃകമ്പനി രൂപീകരിക്കുമെന്ന് സൂചന. എയര്‍ ഇന്ത്യയ്ക്കായി ബിഡ് സമര്‍പ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കമെന്ന് സൂചന. സെപ്റ്റംബര്‍ 15 ന് മുമ്പായി ദേശീയ വിമാനക്കമ്പനിക്കായി ടാറ്റാ ഗ്രൂപ്പ് ബിഡ് സമര്‍പ്പിക്കും.

ടാറ്റ ഗ്രൂപ്പിന്റെ കീഴിലുളള ചെലവ് കുറഞ്ഞ വിമാനക്കമ്പനിയായ എയര്‍ ഏഷ്യയെ പുതിയ മാതൃകമ്പനിയുടെ കീഴിലേക്ക് മാറ്റുമെന്നാണ് റിപ്പോര്‍ട്ട്. ഈ വര്‍ഷം ഡിസംബറോടെ എയര്‍ ഇന്ത്യയുടെ സ്വകാര്യവല്‍ക്കരണം നടപടികള്‍ പൂര്‍ത്തിയാക്കി വിമാനക്കമ്പനിയെ പുതിയ ഉടമയ്ക്ക് കൈമാറാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 

ടാറ്റയ്ക്ക് 51 ശതമാനം ഓഹരിയുളള വിസ്താരയെക്കൂടി പുതിയ കമ്പനിയുടെ കീഴിലേക്ക് മാറ്റിയേക്കുമെന്നും സൂചനകളുണ്ട്. എന്നാല്‍ വിസ്താരയില്‍ സിങ്കപ്പൂര്‍ എയര്‍ലൈന്‍സ് ആണ് ടാറ്റയുടെ പങ്കാളി. അതിനാല്‍ ഇതിന് താമസം നേരിട്ടേക്കാം.

എയര്‍ ഏഷ്യ ഇന്ത്യയില്‍ ടാറ്റാ സണ്‍സിന് 83.67 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. എയര്‍ ഇന്ത്യയെ കൂടി ഏറ്റെടുത്ത് ഇന്ത്യന്‍ വ്യോമയാന മേഖലയില്‍ കരുത്ത് കാട്ടാനാണ് ടാറ്റാ ഗ്രൂപ്പിന്റെ പദ്ധതി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona