​ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ സാന്നിധ്യത്തിൽ ഫോ‍ർഡ് മോട്ടോർസിന്റെയും ടാറ്റ മോട്ടോ‍ർസിന്റെയും പ്രതിനിധികൾ തമ്മിൽ ധാരണാപത്രത്തിൽ ഒപ്പുവെക്കും.

അഹമ്മദാബാദ്: രാജ്യത്ത് ഉൽപ്പാദനം അവസാനിപ്പിച്ച വിദേശ വാഹന നിർമ്മാണ കമ്പനി ഫോ‍ർഡിന്റെ ​ഗുജറാത്തിലെ സനന്തിലുള്ള പ്ലാന്റ് ടാറ്റ മോട്ടോ‍ർസ് ഏറ്റെടുക്കും. ഗുജറാത്ത് സർക്കാർ ടാറ്റ മോട്ടോർസിന് അനുമതി നൽകി‌യതിനെ തുടർന്നാണ് നടപടി. ഇരു കമ്പനികളും ചേർന്ന് സംസ്ഥാന സർക്കാരിന് സമർപ്പിച്ച അപേക്ഷയാണ് അം​ഗീകരിച്ചത്. ഇതോടെ ഫോർഡിന് പ്ലാന്റ് തുറക്കുന്ന ഘട്ടത്തിൽ സംസ്ഥാനം നൽകിയ ആനുകൂല്യങ്ങളും ഇളവുകളും ടാറ്റ മോട്ടോർസിനും ലഭിക്കും.

​ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ സാന്നിധ്യത്തിൽ ഫോ‍ർഡ് മോട്ടോർസിന്റെയും ടാറ്റ മോട്ടോ‍ർസിന്റെയും പ്രതിനിധികൾ തമ്മിൽ ധാരണാപത്രത്തിൽ ഒപ്പുവെക്കും. ഇന്ത്യയിലെ പ്രവ‍ർത്തനം അവസാനിപ്പിക്കുന്നതായി കഴിഞ്ഞ വർഷമാണ് ഫോർഡ് പ്രഖ്യാപിച്ചത്. പിന്നീട് ഇക്കഴിഞ്ഞ ഏപ്രിൽ മുതൽ സനന്തിലെ പ്ലാന്റിൽ യാതൊരു പ്രവർത്തനവും നടന്നിരുന്നില്ല. വൻകിട പദ്ധതികളുടെ പ്രവ‍ർത്തനം സംബന്ധിച്ച പരാതികളും പ്രതിസന്ധികളും പരി​ഹരിക്കാൻ സംസ്ഥാനത്ത് ഉന്നതതല സമിതിയെ 2018 ൽ സ‍ർക്കാർ രൂപീകരിച്ചിരുന്നു. ഈ സമിതിക്ക് മുന്നിലാണ് ടാറ്റ മോട്ടോർസും ഫോ‍ർഡ് കമ്പനിയും പ്ലാന്റ് കൈമാറ്റത്തിനുള്ള അനുമതി തേടി അപേക്ഷ സമർപ്പിച്ചത്.

​ഗുജറാത്ത് സർക്കാരിന്റെ അനുമതി ആദ്യഘട്ടം മാത്രമാണ്. പ്ലാന്റ് പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകുന്നതിനായി ഇനി ഇരു കമ്പനികളും തമ്മിൽ വിശദമായ ചർച്ചകൾ നടത്തേണ്ടതുണ്ട്. മെയ് 30 തിങ്കളാഴ്ചയാണ് ഇരു കമ്പനികളും ധാരണാപത്രം ഒപ്പുവെക്കുന്നത്. ഫോർഡ് കമ്പനിയുടെ പ്ലാന്റിലെ സൗകര്യങ്ങൾ ഉപയോ​ഗിച്ച് ഇവി‌ടെ ഇലക്ട്രിക് കാറുകൾ നിർമ്മിക്കാനാണ് ടാറ്റ മോട്ടോ‍ർസ് ആലോചിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.