ഇനി മുതല്‍ യാത്രക്കാരെന്നല്ല അതിഥികളെന്ന് വേണം അഭിസംബോധനയെന്നാണ് മറ്റൊരു നിര്‍ദ്ദേശം. യാത്രക്കാരുമായുള്ള ജീവനക്കാരുടെ ഇടപെടല്‍ മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യമാണ് ഇതിന് പിന്നില്‍. വിമാനത്തില്‍ ലഭിക്കുന്ന ഭക്ഷണം നല്ലതാക്കുകയാണ് മറ്റൊരു ലക്ഷ്യം. നാല് വിമാനങ്ങളില്‍ ഇതിനോടകം നടപടികള്‍ ആരംഭിച്ചു. 

ദില്ലി: എയര്‍ ഇന്ത്യയെ (Air India) അടിമുടി പരിഷ്‌കരിക്കാനാണ് പുതിയ ഉടമകളായ ടാറ്റയുടെ (Tata) തീരുമാനം. ഇതിനോടകം തന്നെ പുതിയ മാറ്റങ്ങള്‍ എയര്‍ ഇന്ത്യയില്‍ നടപ്പായി തുടങ്ങി. മറ്റ് പരിഷ്‌കാരങ്ങള്‍ വരും ദിവസങ്ങളില്‍ നടപ്പാകുന്നതോടെ ഇന്ത്യാക്കാരുടെ പ്രിയപ്പെട്ട വിമാന സര്‍വീസ് കമ്പനിയായി എയര്‍ ഇന്ത്യയെ വീണ്ടും മാറ്റിയെടുക്കാമെന്ന പ്രതീക്ഷയിലാണ് ടാറ്റ.

വിമാന ജീവനക്കാര്‍ നന്നായി വസ്ത്രം ധരിക്കണം, യാത്രക്കാരുമായി നന്നായി ഇടപെടണം എന്നതാണ് ടാറ്റയുടെ ആദ്യ അജണ്ട. ഇതിനായി ഗ്രൂമിങ് എക്‌സിക്യുട്ടീവുമാരെ വരെ രംഗത്തിറക്കിയിട്ടുണ്ട്. 

കൃത്യനിഷ്ഠതയ്ക്കാണ് കമ്പനി വളരെയേറെ പ്രാധാന്യം കല്‍പ്പിക്കുന്നത്. വിമാനം പുറപ്പെടേണ്ട സമയത്തിന് കൃത്യം 10 മിനിറ്റ് മുന്‍പ് തന്നെ എല്ലാ വാതിലുകളും അടഞ്ഞിരിക്കണമെന്നാണ് ഇതിനായി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

ഇനി മുതല്‍ യാത്രക്കാരെന്നല്ല അതിഥികളെന്ന് വേണം അഭിസംബോധനയെന്നാണ് മറ്റൊരു നിര്‍ദ്ദേശം. യാത്രക്കാരുമായുള്ള ജീവനക്കാരുടെ ഇടപെടല്‍ മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യമാണ് ഇതിന് പിന്നില്‍.

വിമാനത്തില്‍ ലഭിക്കുന്ന ഭക്ഷണം നല്ലതാക്കുകയാണ് മറ്റൊരു ലക്ഷ്യം. നാല് വിമാനങ്ങളില്‍ ഇതിനോടകം നടപടികള്‍ ആരംഭിച്ചു. അക 864 മുംബൈ - ദില്ലി, അക687 മുംബൈ - ദില്ലി, അക945 മുംബൈ - അബുദാബി, അക639 മുംബൈ - ബെംഗളൂരു വിമാനങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ കൂടുതല്‍ മികച്ച ഭക്ഷണം എത്തിക്കുക.

പുതിയ ഏറ്റെടുക്കലോടെ വിമാന സേവന രംഗത്ത് ഭീമനായി മാറിയിരിക്കുകയാണ് ടാറ്റ. എയര്‍ ഇന്ത്യയും വിസ്താരയുമടക്കം രണ്ട് ഫുള്‍ സര്‍വീസ് ക്യാരിയറുകള്‍, എയര്‍ ഇന്ത്യ എക്‌സ്പ്രസും എയര്‍ ഏഷ്യയുമായി രണ്ട് ബജറ്റ് ക്യാരിയറുകള്‍ ഇതിന് പുറമെ ഗ്രൗണ്ടും കാര്‍ഗോയും കൈകാര്യം ചെയ്യാന്‍ എയര്‍ ഇന്ത്യ സാറ്റ്‌സും. 200 വിമാനങ്ങളും 80 ആഭ്യന്തര - അന്താരാഷ്ട്ര ഡെസ്റ്റിനേഷനുകളും ഇപ്പോള്‍ ടാറ്റയെന്ന വലിയ കുടക്കീഴിലുണ്ട്.