തിരുവനന്തപുരം:  നൂതന ഐ ടി സംരംഭങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതോടെ തദ്ദേശീയര്‍ക്കും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ടെക്നോപാര്‍ക്കിന്‍റെ നാലാം ഘട്ടമായ പള്ളിപ്പുറം ടെക്നോസിറ്റിയിലെ അത്യാധുനിക ഐടി സമുച്ചയമായ 'കബനി'യുടെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ആയിരക്കണക്കിന് തൊഴില്‍ നല്‍കുന്ന സ്ഥാപനം ഒരിടത്തു വന്നാല്‍ പ്രാദേശികമായ തൊഴിലവസരവും വികസനവും സാധ്യമാകും. അഭ്യസ്തവിദ്യരായ ചെറുപ്പക്കാര്‍ ഉള്‍പ്പെടെയുള്ളവരുടെ തൊഴിലവസരങ്ങളെ പരിഗണിച്ചു കൊണ്ടുള്ളതായിരിക്കും ഈ വികസനം. പ്രത്യക്ഷവും പരോക്ഷവുമായ ഈ തൊഴിലവസരങ്ങള്‍ പ്രാദേശികമായി ആയിരക്കണക്കിനാളുകള്‍ക്കാണ് ലഭിക്കാന്‍ പോകുന്നത്. ചെറുപ്പക്കാരുടെ നൈപുണ്യ വികസനം നല്‍കുന്നതിനായുള്ള കൂടുതല്‍ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചു വരികയാണ്. വിജ്ഞാനാധിഷ്ഠിത സമൂഹമായി കേരളത്തെ മാറ്റാനുള്ള സര്‍ക്കാരിന്‍റെ പ്രതിജ്ഞാബദ്ധമായ നീക്കത്തില്‍ ഇത് കൂടുതല്‍ സഹായകമാകും.

ടെക്നോസിറ്റിയില്‍ സജ്ജമാക്കിയിട്ടുള്ള സൗകര്യങ്ങള്‍ ദീര്‍ഘവീക്ഷണത്തോടെയുള്ള നയങ്ങളും പദ്ധതികളും അടിസ്ഥാനമാക്കിയുള്ളതാണ്. ഇത് കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കാനും ധാരാളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ഉതകുമെന്നുള്ള കാര്യത്തില്‍ സംശയമില്ല. ദേശീയ, അന്തര്‍ദേശീയ കമ്പനികളെ ആകര്‍ഷിക്കാന്‍ കഴിയുന്നത് നമ്മുടെ ഐ ടി ആവാസവ്യവസ്ഥയുടെ കരുത്താണ് കാണിക്കുന്നത്. ഐ ടി മേഖലയുടെ വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിന് കൂടുതല്‍ സഹായകമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകും. അതിനാവശ്യമായ രീതിയിലുള്ള വിഹിതം ഉറപ്പുവരുത്താനുള്ള നടപടിയും സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന്‍റെ ഇലക്ടോണിക്സ് - വിവര സാങ്കേതികവിദ്യാ വ്യവസായ രംഗത്ത് ഏറ്റവും വലിയ കാല്‍വയ്പാണ് ടെക്നോസിറ്റിയുടെ "കബനി" നാടിന് സമര്‍പ്പിക്കുന്നതിലൂടെ കൈവരിക്കുന്നതെന്ന് ചടങ്ങിന് ആശംസയറിച്ചുകൊണ്ട് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ടെക്നോപാര്‍ക്കിന്‍റെ മൂന്ന് പതിറ്റാണ്ട് കാലത്തെ നേട്ടങ്ങളുടെ ചരിത്രത്തില്‍ ടെക്നോസിറ്റി തിളക്കമാര്‍ന്നൊരു അദ്ധ്യായമാണ്. ടെക്നോസിറ്റിയുടെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ ലോക ഐടി വ്യവസായ മേഖലയില്‍ പള്ളിപ്പുറം ഇടം നേടും. ഈ പ്രദേശത്തിന്‍റെ സാമൂഹിക സാമ്പത്തിക വികാസത്തിന് ഇത് കരുത്തേകും. പ്രത്യക്ഷമായും പരോക്ഷമായും ലക്ഷക്കണക്കിന് തൊഴില്‍ സാധ്യതകള്‍ പ്രദാനം ചെയ്യുന്നു എന്നത് മാത്രമല്ല, പ്രാദേശികമായി ചെറുകിട ഇടത്തരം വ്യാപാര മേഖലയ്ക്ക് പുതിയ സാധ്യതകള്‍ തുറക്കുകയും ചെയ്യുന്നു. റോഡ്, വൈദ്യുതി, വാര്‍ത്താവിതരണം ഉള്‍പ്പെടെയുള്ള പ്രദേശത്തിന്‍റെ അടിസ്ഥാന സൗകര്യ വികസനത്തിന് ഇത് വേഗതകൂട്ടും. നാടിന്‍റെ വികസന പ്രക്രിയയില്‍ ഇലക്ട്രോണിക്സ്, ഐടി വ്യവസായ മേഖലയുടെ പങ്ക് ഉള്‍ക്കൊണ്ട് മുന്നോട്ടുപോകുവാന്‍ നമുക്കാകണമെന്നും മന്ത്രി പറഞ്ഞു.